2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോക ജനസംഖ്യയുടെ 42 ശതമാനവും ആഗോള ജിഡിപിയുടെ 27 ശതമാനവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണിവ.
വിവിധ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവിയിലെ പ്രവർത്തന മേഖലകൾ തിരിച്ചറിയാനും ഉച്ചകോടി അവസരം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Also read-‘എഞ്ചിനീയറിംഗ് അത്ഭുതം..’; ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് നിതിൻ ഗഡ്‍കരി
advertisement
ബ്രിക്‌സ് നേതൃത്വ ഉച്ചകോടിക്ക് ശേഷം സംഘടിപ്പിക്കുന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ദക്ഷിണാഫ്രിക്ക ക്ഷണിച്ച മറ്റ് രാജ്യങ്ങളും ഇതിൽ പങ്കാളികളാകും.
ജോഹന്നാസ്ബർഗിൽ എത്തുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഉഭയകക്ഷി ചർച്ചകളെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഒരു ബിസിനസ് പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഇവർ ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗൺസിൽ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ്, ബ്രിക്സ് ബിസിനസ് ഫോറം മീറ്റിംഗുകളിൽ എന്നിവയിലും പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഷി ജിൻപിംഗ് ഒരു വിദേശ സന്ദർശനത്തിന് എത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ല.
മോദിയുടെ ഗ്രീസ് സന്ദർശനം
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഗ്രീസ് സന്ദർശിക്കുന്നത്. ആഗസ്റ്റ് 25 നാകും അദ്ദേഹം ഗ്രീസിലെത്തുക. 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇന്ത്യയും ഗ്രീസുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്യും. ഗ്രീസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും ആശയവിനിമയം നടത്തും.
“ഇന്ത്യയും ഗ്രീസും നാഗരിക കാലം മുതലേ ബന്ധമുണ്ട്. സമുദ്ര ഗതാഗതം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിലൂടെ സമീപ വർഷങ്ങളിൽ ഇത് ദൃഢമായിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.