ഫുഡ് ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരൻ മർദിച്ചു എന്നാരോപിച്ച് ഹിതേഷ ഇൻസ്റ്റഗ്രാം ലൈവിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോര ഒലിപ്പിച്ച മൂക്കുമായെത്തിയ യുവതി, ജീവനക്കാരന്‍ തന്നെ അധിക്ഷേപിക്കുകയും മൂക്ക് ഇടിച്ചു തകര്‍ക്കുകയും ചെയ്തു എന്നാണ് ആരോപിച്ചത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമരാജ് എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.
Also Read-ഡെലിവറി ബോയ് യുവതിയുടെ മൂക്കിടിച്ചു തകർത്ത സംഭവം; ക്ഷമ ചോദിച്ച് സൊമാറ്റോ
advertisement
എന്നാൽ സംഭവത്തിൽ തന്‍റെ നിരപരാധിത്വം വിശദീകരിച്ച് കാമരാജും വീഡിയോയുമായി എത്തിയതോടെയാണ് സംഗതികൾ തകിടം മറിഞ്ഞത്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കാണ് അധിക്ഷേപവും ഉപദ്രവവും നേരിടേണ്ടി വന്നതെന്നും കരഞ്ഞു കൊണ്ട് കാമരാജ് വിശദീകരിച്ചു. ഇതോടെ ആദ്യം ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച സൊമാറ്റോ അധികൃതരും ഇയാളെ പിന്തുണച്ചെത്തി. ഹിതേഷയ്ക്ക് വൈദ്യസഹായത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് ആരോപണ വിധേയനായ കാമരാജിന് കമ്പനി പിന്തുണ പ്രഖ്യാപിച്ചത്.
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ട്വിറ്ററിൽ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററിൽ സൊമാറ്റോ വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെടുന്ന രീതിയിൽ പൊലീസിനെയും തങ്ങൾ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു. ഇതിന് പിന്നാലെയാണ് കാമരാജിന്‍റെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
