കർണാടകയിൽ മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണ വേദിയിൽ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ ‘കുടുംബ രാഷ്ട്രീയത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.
ന്യൂസ് 18 കന്നഡയ്ക്ക് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി “യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ല. എന്താണ് കുടുംബ രാഷ്ട്രീയത്തിന്റെ അർത്ഥം? എന്നായിരുന്നു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വാദ്ര തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം കോൺഗ്രസിലെ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങൾ നിരത്തി. കോൺഗ്രസ്സ് പാർട്ടി നേതൃത്വത്തെ തന്നെ നിയന്ത്രിക്കുന്നത് കുടുംബ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also read-രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും; അപകീർത്തിക്കേസിൽ ഇടക്കാല സ്റ്റേ ഇല്ല
‘മുലായം സിംഗ് യാദവിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ് അധികാരമേറ്റു. ലാലു പ്രസാദിന് പിന്നാലെ തേജ് പ്രതാപും തേജസ്വി യാദവും. ബാലാസാഹേബ് താക്കറെയ്ക്ക് പിന്നാലെ വന്നത് ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരായിരുന്നു. ഇതിനെയാണ് കുടുംബ രാഷ്ട്രീയം എന്ന് പറയുന്നത്. ഒരു മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുടുംബ രാഷ്ട്രീയമല്ല എന്നും ഷാ പറഞ്ഞു. എൽകെ അദ്വാനി ബിജെപി അധ്യക്ഷനായിരുന്നു, തുടർന്ന് വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, അമിത് ഷാ, തുടർന്ന് ജെപി നദ്ദ എന്നിവരുമാണ് അധ്യക്ഷരായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു പ്രധാനമന്ത്രി. തുടർന്ന് അദ്വാനി പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇതിൽ എവിടെയാണ് കുടുംബ രാഷ്ട്രീയം? എന്നും അമിത് ഷാ ചോദിച്ചു.
കാവി രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ കവാടമായി കാണുന്ന കർണാടകയിൽ ഭരണം നിലനിർത്താൻ ഭരണകക്ഷിയായ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണ്. പ്രതിപക്ഷമായ കോൺഗ്രസുമായും ജനതാദൾ (സെക്കുലർ)മായും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിജെപി. കർണാടകയിൽ മെയ് 10 ന് വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം മെയ് 13 ന് ആണ്.
വീണ്ടും അധികാരത്തിലെത്തിയാലുടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായാണ് ഇത്തവണ ഭരണകക്ഷിയായ ബിജെപി കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്.”ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന നമുക്ക് അധികാരം നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും നീതി നടപ്പാക്കുകയാണ് ലക്ഷ്യം. പ്രീണന നയം നമ്മുടെ രീതിയല്ല,’ എന്നായിരുന്നു തെരഞ്ഞെടുപ്പ് പത്രിക പ്രകാശന വേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞത്.