Karnataka Election | തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കര്‍ണാടക; കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ (സെക്കുലര്‍) എന്നിവര്‍ തമ്മിലായിരിക്കും പ്രധാന മത്സരം
ബെംഗളൂരു; കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താന്‍ ബിജെപി കടുത്ത പ്രചരണവുമായി രംഗത്ത് തന്നെയുണ്ട്. അതേസമയം വോട്ടിംഗ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പദ്ധതികളുമായി പ്രതിപക്ഷവും സജീവമാണ്. ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ (സെക്കുലര്‍) എന്നിവര്‍ തമ്മിലായിരിക്കും മത്സരം. മെയ് പത്തിനാണ് തെരഞ്ഞെടുപ്പ്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ ജനവിധി തേടുന്ന മണ്ഡലമാണ് വരുണ. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലവനായ ഡികെ ശിവകുമാര്‍ മത്സരിക്കുന്നത് കനകപുരയില്‍ നിന്നാണ്. ഷിഗ്ഗോണില്‍ നിന്നാണ് നിലവിലെ മുഖ്യമന്ത്രിയായ ബെസവരാജ് ബൊമ്മെ ജനവിധി തേടുന്നത്. ഈ മൂന്ന് പേരുടെയും മത്സരമാണ് ഇപ്പോള്‍ ജനം ഉറ്റുനോക്കുന്നത്.
കൂടാതെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയും ഇത്തവണ മത്സര രംഗത്തുണ്ട്. ശിക്കാരിപുരയില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. അതേസമയം ഉടുപ്പി മണ്ഡലത്തില്‍ ബിജെപി ഇറക്കിയിരിക്കുന്നത് തീവ്ര ഹിന്ദുത്വ നേതാവായ യശ്പാല്‍ സുവര്‍ണ്ണയെയാണ്.
advertisement
ചന്നപട്‌ന മണ്ഡലത്തില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ജനവിധി തേടുന്നത്. ഈയടുത്ത് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ ജഗദീഷ് ഷെട്ടാറും മത്സരരംഗത്ത് സജീവമാണ്. ഹുബ്‌ളി-ധാര്‍വാര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക.
വരുണ
കോണ്‍ഗ്രസിനായി വരുണയില്‍ മത്സരത്തിനിറങ്ങുന്നത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. ബിജെപിയ്ക്കായി വി സോമണ്ണയും ജെഡിഎസിനായി ഡോ. ഭാരതി ശങ്കറും ഈ മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുകയാണ്.
കുറച്ചുനാള്‍ മുമ്പ് വരെ തന്റെ മണ്ഡലമായ വരുണയില്‍ നിന്ന് പുഷ്പം പോലെ ജയിക്കാന്‍ സിദ്ധരാമയ്യയ്ക്ക് കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് ഡെക്കാള്‍ ഹെറാള്‍ഡിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബിജെപി മത്സരം കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
advertisement
കനകപുര
കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലമാണ് കനകപുര. നിലവിലെ റവന്യൂ മന്ത്രിയായ ആര്‍ അശോകാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. കെപിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാറാണ് കോണ്‍ഗ്രസിനായി ജനവിധി തേടുന്നത്. വളരെ ശക്തനായ നേതാവാണ് അശോക്. അദ്ദേഹം മുന്‍ ഉപമുഖ്യമന്ത്രിയായും സേവനമമനുഷ്ഠിച്ചയാളാണ്. അതേസമയം വൊക്കലിംഗ പിന്തുണയുള്ള ഡികെ ശിവകുമാറിന് കനത്ത പിന്തുണയുള്ള മണ്ഡലം കൂടിയാണ് കനകപുര. 2008 മുതല്‍ കനകപുര ഇദ്ദേഹത്തിന് അനുകൂലമായാണ് വോട്ട് ചെയ്യുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ അശോക് ഇവിടുത്തുകാര്‍ക്ക് പുതിയയാളാണ്. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളും അദ്ദേഹത്തിന് ഈ മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിക്കാം. ജെഡിഎസിനായി നാഗരാജ് ആണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.
advertisement
ഷിഗ്ഗോണ്‍
ബിജെപി നേതാവും നിലവിലെ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ അങ്കത്തിനിറങ്ങുന്ന മണ്ഡലമാണിത്. കോണ്‍ഗ്രസിനായി മത്സരിക്കുന്നത് യാസിര്‍ അഹമ്മദ് ഖാന്‍ പത്താനാണ്. ഇവിടെ മേല്‍ക്കൈ ബസവരാജ് ബൊമ്മയ്ക്കാണ്. നാലാം തവണയാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്നത്. അതേസമയം ബസവരാജ് ബൊമ്മയുടെ വിജയം അത്ര സുനിശ്ചിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചംശാലി പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുന്നതാണ്. ലിംഗായത്തുകള്‍ക്ക് പ്രത്യേകം സംവരണം ഏര്‍പ്പെടുത്തി പഞ്ചംശാലി നേതാക്കളെ പ്രീണിപിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചത്.
ചന്നപട്‌ന
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ചന്നപട്‌ന. മുന്‍ മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയും മുന്‍ ബിജെപി മന്ത്രി സിപി യോഗേശ്വറുമാണ് ഇത്തവണ ഇവിടെ പരസ്പരം മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഗംഗാധര്‍ എസ് ആണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വളരെ സ്വാധീനം ചെലുത്തുന്ന മണ്ഡലമാണിത്.
advertisement
ഹുബ്ബള്ളി-ധാര്‍വാര്‍ഡ് സെന്‍ട്രല്‍
ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. അതിലൂടെ തന്നെ ഏറെ ചര്‍ച്ചയായ മണ്ഡലം കൂടിയാണ് ഹുബ്ബള്ളി- ധാര്‍വാര്‍ഡ്. തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെയാണ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. ഇത് ആറാം തവണയാണ് ഈ മണ്ഡലത്തില്‍ അദ്ദേഹം മത്സരത്തിനിറങ്ങുന്നത്. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത.
ബിജെപിയ്ക്കായി മത്സരിക്കുന്നത് മഹേഷ് തെങ്കിനക്കായിയാണ്. സിദ്ധലിംഗശ്വേര ഓടയാര്‍ ആണ് ജെഡിഎസിനായി മത്സരിക്കുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ കനത്ത പിന്തുണയുള്ള നേതാവാണ് ഷെട്ടാര്‍. 1994ലാണ് അദ്ദേഹം ആദ്യമായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്.
advertisement
ഉഡുപ്പി
മൂന്ന് പാര്‍ട്ടികളും കടുത്ത മത്സരം കാഴ്ചവെയ്ക്കും എന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഉഡുപ്പി. ഹിന്ദുത്വ നേതാവായ യശ്പാല്‍ സുവര്‍ണ്ണയെയാണ് ഇത്തവണ ഈ മണ്ഡലത്തില്‍ ബിജെപി നിര്‍ത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് പ്രസാദ് രാജ് കാഞ്ചന്‍ ആണ്. ജെഡിഎസിനായി ദക്ഷത് ആര്‍ ഷെട്ടിയും മത്സരരംഗത്തുണ്ട്.
അത്താനി
സിറ്റിംഗ് ബിജെപി എംഎല്‍എ മഹേഷ് കുമത്തള്ളിയും കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാദിയും മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് അത്താനി. കുമത്തള്ളിയ്ക്കായി രമേഷ് ജാര്‍ക്കിഹോളിയാണ് പ്രചരണം നടത്തുന്നത്.
ബിജെപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയയാളാണ് സവാദി. മണ്ഡലത്തിന്റെ ഭരണം തിരിച്ച് പിടിക്കാനുള്ള പ്രചരണതിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെയാണ് സവാദി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയത്.
advertisement
ഹസ്സന്‍
കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് മത്സരം സ്ഥിരമായ മണ്ഡലമാണ് ഹസ്സന്‍. ഇത്തവണ ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി പ്രീതം ഗൗഡയാണ്. കോണ്‍ഗ്രസിനായി ബനവാസി രംഗസ്വാമിയാണ് മത്സരിക്കുന്നത്. ജെഡിഎസിനായി സ്വരൂപ് പ്രകാശും മത്സരരംഗത്തുണ്ട്.
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
May 01, 2023 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Election | തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കര്‍ണാടക; കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍