”കുടിയേറ്റക്കാര്‍ പെട്ടെന്ന് കനേഡിയന്‍ പൗരന്‍മാരായി മാറുന്ന പ്രതിഭാസമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യത്തെ എങ്ങനെ നശിപ്പിക്കാം എന്ന് പദ്ധതിയിടുന്നവരാണ് അവര്‍. വളരെ അപകടകരമായ രീതിയാണിത്. ഇത്തരം ആളുകളോടുള്ള സമീപനം കാനഡ സ്വയം പരിശോധിക്കേണ്ട സമയമായി. സ്വന്തം രാജ്യത്തെ ഒരു പൗരന്‍ കൊല്ലപ്പെട്ടാല്‍ രോക്ഷം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല,” എന്നും ശശി തരൂര്‍ പറഞ്ഞു.
advertisement
ഇന്ത്യന്‍ ഏജന്‍സികള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെട്ടുവെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
”കാനഡയുമായുള്ള ബന്ധത്തെ വിലമതിക്കുന്നവരാണ് ഞങ്ങള്‍. 40 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് കാനഡ. അവിടെ 1.7 ദശലക്ഷത്തിലധികം ഇന്ത്യന്‍ വംശജരുമുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയില്‍ പഠിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഞങ്ങള്‍ എന്നും ബഹുമാനിക്കുന്നു. കാനഡയും ഈ ബന്ധത്തെ വിലമതിക്കുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തന്റെ രാജ്യത്ത് നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍, വ്യക്തമായ തെളിവുകളൊന്നുമില്ലാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിച്ച് പരസ്യമായി രംഗത്തെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിയുടെ നിലപാട് എന്നെ ഞെട്ടിച്ചു,” ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിഷയത്തിലും തരൂര്‍ പ്രതികരിച്ചു.
” ഉരുളയ്ക്കുപ്പേരി എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ സംഭവം. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയപ്പോള്‍ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ എന്തെങ്കിലും ചെയ്താല്‍ ഇന്ത്യയും അതിന് പകരം ചെയ്യും,”തരൂര്‍ പറഞ്ഞു.
Also Read- കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്കാലികമായി നിർത്തി; ബന്ധം കൂടുതല്‍ വഷളാകുന്നു
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അല്‍ ജസീറ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.