കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്കാലികമായി നിർത്തി; ബന്ധം കൂടുതല്‍ വഷളാകുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ സേവനം നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകുന്നു. നിലവിലെ സാഹചര്യത്തില്‍ കനേഡിയന്‍ പൗരന്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വിസാ സേവനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
”ചില പ്രത്യേക കാരണങ്ങളാല്‍ 2023 സെപ്റ്റംബര്‍ 21 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, കനേഡിയൻ പൗരൻമാർക്കുള്ള ഇന്ത്യന്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു,” എന്ന് ഓണ്‍ലൈന്‍ വിസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിസ അപേക്ഷ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. തൊട്ടുപിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്
advertisement
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അല്‍ ജസീറ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്’ മെലാനി ജോളി പറഞ്ഞു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
advertisement
ജൂണ്‍ 18 നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി റിപുദാമന്‍ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. ഇതടക്കം 10 എഫ്‌ഐആറുകള്‍ ആണ് ഹര്‍ദീപിനെതിരെയുള്ളത്. 2015ല്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹര്‍ദീപിന് ആയുധപരിശീലനം നല്‍കിയെന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുര്‍ സ്വദേശിയാണ് നിജ്ജാര്‍. നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 21, 2023 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്കാലികമായി നിർത്തി; ബന്ധം കൂടുതല്‍ വഷളാകുന്നു