ഇറാൻ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ ചെയ്തതുപോലെ, ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിലും നാം ഉടൻ അനുശോചനം അറിയിക്കണമായിരുന്നുവെന്ന് അദ്ദേഹം എഴുതി. എന്നാൽ ഏറ്റുമുട്ടലിനേക്കാൾ മൗനം തിരഞ്ഞെടുത്തതിന് താൻ സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്വങ്ങളെ പ്രായോഗികതയുമായി സന്തുലിതമാക്കുന്നതാണ് എന്നും ഇന്ത്യയുടെ നയതന്ത്രമെന്നും ശശി തരൂർ പറഞ്ഞു.
ശീതയുദ്ധത്തിലെ ശത്രുതകളിൽ അകപ്പെടാതിരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും നിലനിൽപ്പിനും അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു ജവഹർലാൽ നെഹ്‌റുവിന്റെ ചേരിചേരാനയം. അല്ലാതെ ധാർമ്മിക നിലപാടുകൾ എടുക്കുന്നതിലുള്ള വിമുഖതയായിരുന്നില്ല. ഇന്നത്തെ ബഹുധ്രുവ ലോകത്ത് ഇന്ത്യ "മൾട്ടി-അലൈൻമെന്റ്" (Multi-alignment) ആണ് പിന്തുടരുന്നത്. ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വിവിധ ശക്തികളുമായി ഒരേസമയം ബന്ധം നിലനിർത്തുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള നീതിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുൻപ് ഹംഗറി (1956), ചെക്കോസ്ലോവാക്യ (1968), അഫ്ഗാനിസ്ഥാൻ (1979) എന്നിവിടങ്ങളിൽ സോവിയറ്റ് യൂണിയൻ നടത്തിയ അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കാൻ ഇന്ത്യ മടിച്ചിരുന്നു എന്ന കാര്യവും തരൂർ ഓർമിപ്പിച്ചു.
advertisement
അമേരിക്കയുമായി മാത്രമല്ല, ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന ഗൾഫ് അറബ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വലിയ താല്പര്യങ്ങളുണ്ട്. വർഷം തോറും 200 ബില്യൺ ഡോളറിന്റെ വ്യാപാരം ഈ മേഖലയിലൂടെ നടക്കുന്നു. നമ്മുടെ ഊർജ്ജ സുരക്ഷ ഗൾഫിലെ എണ്ണയെയും വാതകത്തെയുമാണ് ആശ്രയിക്കുന്നത്. ഇറാനെതിരെയുള്ള യുദ്ധത്തെ അപലപിച്ച് ധാർമ്മികത പ്രസംഗിക്കുന്നത് ഈ ബന്ധങ്ങളെ തകർക്കാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ മൗനം എന്നത് ഭീരുത്വമല്ല, മറിച്ച് പ്രാദേശിക യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ അമേരിക്കൻ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങൾക്ക് വലിയ മുൻഗണന നൽകുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് തന്റെ ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നവർക്കെതിരെ തിരിയാൻ മടിക്കാത്തയാളാണെന്നും തരൂർ എഴുതി. അതിനാൽ അമേരിക്കയുമായുള്ള തന്ത്രപരമായ താല്പര്യങ്ങൾ അപകടത്തിലാക്കുന്നത് ബുദ്ധിയല്ല. യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം അന്യായമാണെങ്കിലും ഇന്ത്യയുടെ മൗനം അതിനുള്ള അംഗീകാരമല്ല. ഏതൊരു ഇന്ത്യൻ സർക്കാരിനെയും താൻ ഉപദേശിക്കുന്നത് ഇതേ സംയമനം പാലിക്കാനായിരിക്കുമന്നും സംയമനം എന്നാൽ അത് ശക്തിയാണെന്നും ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് നിലപാടെടുക്കുന്നത് ധാർമ്മികമായ കീഴടങ്ങലല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഭരണതന്ത്രജ്ഞതയാണെന്ന് ശശി തരൂർ എംപി വ്യക്തമാക്കി.
