‘സവര്‍ക്കര്‍ ഞങ്ങൾക്ക് ദൈവത്തെ പോലെയാണ്, ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹത്തെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന കാര്യമല്ല’ ഉദ്ധവ് താക്കറേ പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. അദ്ദേഹം ത്യാഗത്തിന്റെ രൂപമാണെന്നും ഉദ്ധവ് വ്യക്തമാക്കി.
ശിവസേന ഉദ്ധവ് വിഭാഗം-കോണ്‍ഗ്രസ്- എന്‍സിപി സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകോപിതനാകരുതെന്നും രാഹുലിനോട് ഉദ്ധവ് താക്കറേ പറഞ്ഞു.
advertisement
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്. ഇതിനായി നമ്മള്‍ സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്തവര്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് താക്കറേ ആരോപിച്ചു.
Also read-‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
2019ലെ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്.തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. തന്റെ അയോഗ്യത സംബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരിഹസിച്ച് സംസാരിച്ചത്.’മാപ്പ് പറയാന്‍ താന്‍ വീര്‍ സവര്‍ക്കറല്ല. ഗാന്ധിയാണെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.
അതേസമയം,രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു.
‘പ്രിയപ്പെട്ട ഗാന്ധി. നിങ്ങള്‍ക്ക് ഒരിക്കലും സവര്‍ക്കറെ പോലെയാകാന്‍ സാധിക്കില്ല. ശക്തമായ ഉത്തരവാദിത്തബോധവും ഭാരതത്തോടുള്ള കറകളഞ്ഞ സ്നേഹവും ആണ് സവര്‍ക്കാറാകാനുള്ള അടിസ്ഥാന യോഗ്യത. നിങ്ങള്‍ക്ക് ഒരിക്കലും അങ്ങനെയാകാന്‍ സാധിക്കില്ല,’ എന്നായിരുന്നു അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ ആദരിച്ചതിനുള്ള തെളിവുകളും അനുരാഗ് താക്കൂര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘ സ്വാതന്ത്ര്യസമര സേനാനിയായ വീര്‍ സവര്‍ക്കറെയാണ് രാഹുല്‍ അപമാനിച്ചത്. സവര്‍ക്കറുടെ ‘India’s first freedom struggle’ എന്ന പുസ്തകം പഞ്ചാബിയില്‍ വരെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭഗത് സിംഗ് വീര്‍ സവര്‍ക്കറെ കാണാന്‍ രത്നഗിരി വരെ പോയിരുന്നു. അതിനുശേഷം ഈ പുസ്തകം പ്രിന്റ് ചെയ്യുകയും ചെയ്തു. മനുഷ്യത്വമില്ലാത്തവരാണ് സവര്‍ക്കറെ അപമാനിക്കുന്നത്,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.
വെറുതെയിരുന്നല്ല സവര്‍ക്കര്‍ ഈ ബഹുമാനം നേടിയെടുത്തത്. അദ്ദേഹത്തിന്റെ രാജ്യ സ്നേഹം അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ചിരുന്നതാണ്. 1923ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സവര്‍ക്കറെ ആദരിച്ച് ഒരു പ്രമേയം തന്നെ പാസാക്കിയിരുന്നുവെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.