മഹാഭാഗവതരുടെ കീർത്തനങ്ങൾ കേൾക്കാൻ അവസരമില്ലാതിരുന്ന അനേകർ. അവർ ശങ്കരാഭരണവും ഘമാസും മധ്യമാവതിയും പാടിപഠിച്ചത് ഈ ശബ്ദം കേട്ടാണ്. അതു പാടിയ എസ്പിബിക്കും കേട്ടുപാടിയ ജനതയ്ക്കു തമ്മിൽ ഒരു ഐക്യമുണ്ടായിരുന്നു. ആ വലിയ ജനതയെപ്പോലെ എസ്പിബിയും ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നില്ല.
advertisement
മറ്റേതുഭാഗവതർക്കു കഴിയും സാധാരണക്കാരെ ഈ ഭാവത്തിലേക്കു കൊണ്ടുവരാൻ. മധ്യമാവതിയുടെ എക്കാലത്തേയും വലിയ ചലച്ചിത്രവിസ്മയമാണ് ഈ ഗാനം. കച്ചേരികളിൽ ഈ കീർത്തനം കേട്ടിട്ടുള്ളവർ പോലും സാഹിത്യമറിഞ്ഞത് ബാലസുബ്രഹ്മണ്യം പാടിയ ശേഷമാണ്.
ഓംകാരനാദാനു സന്താനമൗദാനമേ.... അതാണു രാഗങ്ങളുടെ കിരീടമണിഞ്ഞ കീർത്തനം. തനി ശങ്കരാഭരണത്തിലെ നിർമിതി. നമിച്ചുപോകുന്ന ശാരീരം.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS] ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം [NEWS] ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ [NEWS]
ക്ഷീണിച്ചുറങ്ങുന്ന സോമയാജലുവിനെ മനസ്സിൽക്കണ്ടു പാടിയതാണ് മാനനസഞ്ചരരേ... ചിത്രീകരണം തുടങ്ങും മുൻപു തന്നെ സിനിമയിലെ ആ ഭാവത്തിനായി മാറ്റിയെടുത്ത ശബ്ദം. സംഗീതം ഇങ്ങനെ വേണം ചലച്ചിത്രത്തിലേക്ക് ഇറങ്ങിവരാൻ എന്ന് ലോകം നമിച്ചത് ഈ പാട്ടിലാണ്. പോരെങ്കിൽ ഇതാ മാണിക്യവീണാം ഉപലാലയന്തി കൂടി.. മഞ്ജുളവാക്കുകളുടെ മദാലസ ഭാവം നിറഞ്ഞ ഗാനം.
ഇളയരാജയും എസ്പിബിയും തമ്മിലുള്ള ബന്ധം പറഞ്ഞില്ലെങ്കിൽ ആ സംഗീതജീവിതത്തിന്റെ പാതിയും ഒഴിച്ചിടേണ്ടി വരും. അതിലേക്കു പോകും മുൻപ് ഒരു രംഗം കാണാം. ഉന്നതങ്ങളിൽ വിഹരിക്കുന്ന രണ്ടുപേർക്ക് ഉണ്ടായിരുന്ന പരസ്പര ബഹുമാനത്തിന്റെ കഥ. ശങ്കരാഭരണത്തിനു ശേഷം എസ് പി ബി ശാസ്ത്രീയ സംഗീതം പഠിക്കാൻ എത്തിയത് യേശുദാസിന്റെ അടുത്താണ്. പഠിക്കാതെ തന്നെ എസ്പി ബി എല്ലാം അറിഞ്ഞുകഴിഞ്ഞെന്നായിരുന്നു യേശുദാസ് അന്നു നൽകിയ മറുപടി.
കണ്ടിരുന്നാൽ കരഞ്ഞുപോകുന്ന വൈകാരിക മുഹൂർത്തമാണ്. ആറ് പതിറ്റാണ്ടു മുൻപാണ് ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും വലിയ വിസ്മയങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകുന്നത്. ആന്ധ്രയിൽ നിന്ന് എൻജിനിയറിങ് പഠിക്കാൻ മദ്രാസിൽ എത്തിയ എസ് പി ബി സ്വന്തമായി ഒരു മ്യൂസിക് ട്രൂപ് ഉണ്ടാക്കി. അവിടെ വയലിനും ഹാർമോണിയവും വായിക്കാൻ എത്തിയവരാണ് ഇളയരാജയും ഗംഗൈ അമരനും.
എസ്.പി. ബാലസുബ്രമണ്യവും ഇളയരാജയും
ഇളയരാജ ഈണമിട്ട രണ്ടായിരം ഗാനങ്ങളാണ് എസ് പി ബാലസുബ്രഹ്മണ്യം പാടിയത്. ലോക സംഗീത ചരിത്രത്തിലെ തന്നെ അത്യപൂർവ ബന്ധം.
ഈ ഒരു ചിത്രത്തിൽ വഴിമാറിയതാണ് സിനിമാചരിത്രം. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ട്രൂപ്പിൽ പാവലർ സഹോദരന്മാർ ചേർന്ന നിമിഷമാണിത്. ഇളയരാജയും ഭാസ്‌കറും ഗംഗൈ അമരനും. പാട്ടുമാത്രം കൈമുതലായുണ്ടായിരുന്നവരാണ്. അരവയർ പട്ടിണിയിലായിരുന്നു. മൂവരേയും എസ്പിബി ട്രൂപ്പിലെടുത്തു. ഇളയരാജ ഹാർമോണിയത്തിൽ, ഗംഗൈ അമരൻ ഗിത്താറിൽ, ഭാസ്‌കർ തബലയിൽ. അവിടെ എസ്പിബിയുടെ ശബ്ദവിസ്മയം.
അന്നുതൊട്ടിങ്ങോട്ട് പിന്നെ രാഗവും താളവും പോലെ ഒന്നായി ബാലുവും രാജയും. റോയൽറ്റിയുടെ പേരിൽ അവസാനകാലത്തുണ്ടായ താളപ്പിഴ പോലും ഏറെ നീണ്ടുനിന്നില്ല. എന്നും ഇളയനിലാവ് പൊഴിയുന്നതായിരുന്ന ആ യുഗ്മജീവിതം. രാജ ഒന്നുമൂളിയാൽ തന്നെ ബാലു അതു രാഗത്തിലെത്തിക്കും.
ഇനിയൊരു തലമുറയോടു പറഞ്ഞാൽ വിശ്വസിച്ചെന്നു വരില്ല. ഇളയരാജ ഈണമിട്ട രണ്ടായിരം ഗാനങ്ങളാണ് എസ്പിബി പാടിയത്. ടി.എം സൗന്ദരരാജനും പി. സുശീലയും വാണ അരങ്ങുകളിൽ നിന്ന് എസ്പിബിയും എസ്. ജാനകിയും എന്ന പുതിയ യുഗ്മം കോർത്തെടുത്തു ഇളയരാജ. ഇളയരാജയുടെ ഈണത്തിൽ എസ് പിബിയുടെ ശബ്ദം വെണ്ണയിൽ താമരനൂൽ എന്നതുപോലെ അലിഞ്ഞുചേർന്നു.
എസ് പി ബി പാടിയ എത്രയെത്ര മലയാളം ഗാനങ്ങൾ ഇപ്പോൾ ഓരോരുത്തരുടേയും മനസ്സിൽ വരുന്നുണ്ടാകും. അതിലേക്കു പോകും മുൻപ് രാജ്യമെങ്ങും ഏറ്റുപാടി അനേകം ഗാനങ്ങളുണ്ട്. ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി ഹിന്ദി സിനിമാ ഗാനരംഗത്ത് അടക്കിവാഴാൻ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ് എസ്പി ബാലസുബ്രഹ്മണ്യം എന്നു പറയാം. യേശുദാസിന്റെ പ്രതിഭയ്ക്കു പോലും ഏതാനും സിനിമകൾക്കപ്പുറം അവസരം ലഭിക്കാതെ പോയ ബോളിവുഡിൽ എസ്പിബി അവിഭാജ്യഘടകമായി. ആർ.ഡി ബർമനും മുഹമ്മദ് റാഫിയും കിഷോർകുമാറും നിറഞ്ഞുനിന്ന അരങ്ങിലാണ് ബാലസുബ്രഹ്മണ്യം സ്വന്തം സിംഹാസനം പണിതിട്ടത്.
SP Balasubrahmanyam
തേരേ മേരേ ബീച്ച് മേം..... ഒരു ദക്ഷിണേന്ത്യൻ ശബ്ദത്തിനൊപ്പം ഉത്തരേന്ത്യൻ തലമുറ വിതുമ്പിയത് ഈ ഗാനത്തിലായിരുന്നു. സിനിമ കമൽഹാസനെ ഹിന്ദിയിൽ താരമാക്കിയ ഏക് ദൂജെ കേലിയെ... അഭിനയിച്ച കമൽഹാസനും പാടിയ എസ്പിബിക്കും പിന്നെ ബോളിവുഡിന്റെ കൊട്ടകകളിൽ ചിരപ്രതിഷ്ഠയായി
പിന്നെ ഹിന്ദി സിനിമിയ്ക്ക് ആദ്യ പ്രണയം എസ്പിബിയോടായി. പെഹ് ലാ പെഹ് ലാ പ്യാർ.... മാധുരി ദീക്ഷിതിനോട് സൽമാൻ ഖാന് പ്രണയം പറയാനുള്ള ശബ്ദമായി എസ് പി ബി.. അത് ഹം ആപ്‌കേ ഹേ കോനിൽ മാത്രമായിരുന്നില്ല...സാജനിൽ സൽമാന് പാടാൻ ഇതിനപ്പുറം വേറെ ഏതു ശബ്ദം ഇണങ്ങും...
ദിൽ ദീവാനാ എന്നു ഹിന്ദി സിനിമ എക്കാലത്തേക്കുമായി പാടിയതും ആ ശബ്ദത്തിലായിരുന്നു.
ആതേ ജാതേ ഹസ്‌തേ ഗാതേ മേനേ പ്യാർ കിയാ... ആടിയും പാടിയും സ്‌നേഹിച്ചവർക്കെല്ലാം ആ സ്വരമായിരുന്നു.
അനശ്വരമാണ് ഹിന്ദിയിൽ ബാലസുബ്രഹ്ണ്യമുണ്ടാക്കിയ ഗാനങ്ങൾ. ഏക് ദൂജേ കേലിയേയിലെ ഹം ബനേ തും ബനേ കൂടി ഓർക്കാതെ എങ്ങനെ
എസ്.പി. ബാലസുബ്രഹ്മണ്യം
യേശുദാസ് കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ജനപ്രിയ ഗായകൻ ആരാണ്. അത് സംശയലേശമെന്യേ എസ്പിബി ആണ്. വയലാറും ശ്രീകുമാരൻ തമ്പിയും എഴുതിയ ഗാനങ്ങൾ. ദേവരാജന്റേയും രവീന്ദ്രൻ മാഷുടേയും എസ്.പി വെങ്കിടേഷിന്റേയുമൊക്കെ സംഗീതം... അനേകമനേകം മലയാള ഗാനങ്ങൾക്കാണ് ബാലസുബ്രഹ്മണ്യം ശബ്ദം നൽകിയത്.
പാൽ നിലാവിലെ പവനിതൾ പൂക്കളേ... എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിലല്ലാതെ ആലോചിക്കാൻ പോലും കഴിയാത്ത ഗാനം. രവീന്ദ്രസംഗീതത്തിൽ ലയിച്ചുചേർന്ന സ്വരം.
ഗാന്ധർവത്തിലെ നെഞ്ചിൽ കഞ്ചബാണം. മലയാളിയുവതയ്ക്ക് ഒരു റോക്കിൻരെ ഛായ നൽകിയ ശബ്ദം. സാഗരസംഗമത്തിലെ നാദവിനോദം നാട്യവിലാസം എഴുതിയത് ശ്രീകുമാരൻ തമ്പി. ഈണം കെ. വിശ്വനാഥൻ. നീലസാഗരതീരം. എ.ആർ റഹ്മാന്റെ പിതാവ് ആർ കെ ശേഖറിന്റെ സംഗീതം. ശ്രീകുമാരൻ തമ്പിയുടെ രചന. ഒപ്പം എസ്. ജാനകി. അങ്ങനെ എത്രയെത്ര മലയാള ഗാനങ്ങൾ.
വയലാറിന്റെ വരികൾ. ദേവരാജന്റെ സംഗീതം. ഈ കടലും മറുകടലും കടന്ന്. അതായിരുന്നു എസ്പിയുടെ മലയാളത്തിലെ ആദ്യഗാനം. ഈരേഴുപതിനാലു ലോകങ്ങൾ കാണാൻ ഇവിടെ നിന്നു പോകുന്നവർക്കൊപ്പം എസ്പിബിയും ചേർന്നു കഴിഞ്ഞു.
എസ്.പി. ബാലസുബ്രഹ്മണ്യം
തിരുടാ തിരുടായിലെ തടിയൻ ഭർത്താവ്. ഉല്ലാസത്തിലെ അജിത്തിന്റെ അച്ഛൻ. കാതലനിലെ പ്രഭുദേവയുടെ പൊലീസുകാരനായ അച്ഛൻ. കേളടി കൺമണിയിലെ അഞ്ജുവിന്റെ അച്ഛൻ.... അങ്ങനെ പ്രണയനിർഭരരായ എത്രയെത്ര പിതാക്കന്മാരെയാണ് എസ്പിബി അഭിനയിച്ചു ഫലിപ്പിച്ചത്. ആ അഭിനയം ഓർക്കാതെ എങ്ങനെ ആ ജീവിതം പൂർണമായി അറിയും.
എസ് പി ബിയുടെ മാസ്റ്റർ പീസ് ആണ് മണ്ണിൽ ഇന്ത കാതൽ... പ്രണയത്തിന്റെ കിതപ്പും കുതിപ്പും ഒരുപോലെ നിറയുന്ന അഭിനയവും ശബ്ദവും... എന്നാൽ എഴുപതുകഴിഞ്ഞവരുടെ പ്രണയം എങ്ങനെയായിരിക്കും? എസ് പി ബി രണ്ടുവർഷം മുൻപ് ലക്ഷ്മിക്കൊപ്പം അഭിനയിച്ച ഒരു തെലുങ്ക് സിനിമയുണ്ട്. മിഥുനം. എന്തൊരു ജീവിതമായിരുന്നു അത് എന്ന് പറഞ്ഞുപോകുന്ന ആ പ്രകടനം എക്കാലത്തേക്കുമുള്ളതാണ്. മരണവും ജരയും നരയും ഇല്ലാത്ത സംഗീതത്തേയും പ്രണയത്തേയും ഓർമിപ്പിക്കുന്ന എസ് പി ബിക്ക് വിട.