റിപ്പോർട്ടുകൾ പ്രകാരം ഭദ്രക് ജില്ല ഹെഡ്ക്വാര്‍ട്ടർ ഗവ.ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. നവജാത ശിശുവിന്‍റെ ശരീരവും കടിച്ച് പിടിച്ച് ഒരു തെരുവ് നായ ആശുപത്രി വളപ്പിൽ ഓടുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ പിന്തുടർന്ന് ഒച്ച വച്ചതോടെ നായ, മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. ഒരു പെൺകുഞ്ഞായിരുന്നു ഇതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട്. കുഞ്ഞ് ജീവനോടെയുണ്ടാകും എന്നാണ് കരുതിയതെന്നും ചിലർ പറയുന്നു.
advertisement
'ഒരു ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോഴാണ് നവജാതശിശുവുമായി നായ ഓടുന്നത് കണ്ടത്. ബഹളം വച്ച് അതിനെ പിറകെ ഓടി. കുറച്ച് നേരം ഓടിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച് നായ ഓടിപ്പോയി. അത് ഒരു കുഞ്ഞിന്‍റെ മൃതദേഹമായിരുന്നു എന്നും ആശുപത്രി അധികൃതർ തുറസായ സ്ഥലത്ത് ഉപേക്ഷിച്ചതാണെന്നും പിന്നീട് മനസിലായി. അവിടെ നിന്നാണ് നായ അതും കടിച്ചെടുത്തെത്തിയത്'. ദൃക്സാക്ഷികൾ പറയുന്നു.
ഈ സംഭവത്തിന് ശേഷം ആശുപത്രിയോടുള്ള വിശ്വാസം തന്നെ ഇല്ലാതായെന്നും ആളുകൾ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളുമായി ആശുപത്രിയിലെത്തുമെന്നും ഇവർ ചോദിക്കുന്നു. അതേസമയം കുഞ്ഞിന്‍റെ മൃതദേഹം നായയുടെ പക്കൽ എത്തിയതെങ്ങനെയെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ആണിതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ അത് ആശുപത്രിയിലെത്തിയതെങ്ങനെയെന്ന കാര്യത്തിൽ വിശദീകരണം നല്‍കിയിട്ടില്ല.
Also Read-പിന്നോക്കക്കാരെ പാചക ജോലിയിൽ നിന്ന് വിലക്കിയ 120 വർഷം പഴക്കമുള്ള രാജസ്ഥാൻ ജയിൽ നിയമത്തിൽ ഭേദഗതി
'മാസം തികയാത്ത ഒരു ഭ്രൂണമാണ് നായ കടിച്ചെടുത്ത് ഓടിയതെന്നാണ് സംശയിക്കുന്നതെന്നാണ് ഭദ്രക് ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ പത്ര പറയുന്നത്. കുറച്ചു നാളായി ആശുപത്രി വളപ്പിനുള്ളിൽ തന്നെ കിടന്നിരുന്ന ഈ ഭ്രൂണം ഇവിടെയെങ്ങനെയെത്തിപ്പെട്ടു എന്നറിയില്ല എന്നാണ് അദ്ദേഹത്തിന്‍റെ വാദം. ആശുപത്രി അധികൃതർ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും ഒപ്പം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പത്ര കൂട്ടിച്ചേർത്തു. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.