പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇത് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമായിരുന്നുവെന്നും യാസിന്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2005-ല്‍ കശ്മീരില്‍ ഉണ്ടായ ഭൂകമ്പത്തിനു പിന്നാലെ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സ്‌പെഷ്യല്‍ ഡയറക്ടര്‍ വികെ ജോഷിയുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മാലിക് പറയുന്നു. മാലിക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനു മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വങ്ങളുമായും ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ഭീകരരുമായും കൂടിക്കാഴ്ച നടത്താന്‍ ജോഷി തന്നോട് ആവശ്യപ്പെട്ടുവെന്നും യാസിന്‍ മാലിക് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശങ്ങളെന്നും യാസിന്‍ രേഖയില്‍ പറയുന്നുണ്ട്.
advertisement
തീവ്രവാദി നേതാക്കളെ ഉള്‍പ്പെടുത്താതെ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ അര്‍ത്ഥവത്താകില്ലെന്നായിരുന്നു ജോഷിയുടെ നിര്‍ദ്ദേശം. തുടര്‍ന്നാണ് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിലെ മറ്റ് നേതാക്കളെയും കാണാന്‍ താന്‍ സമ്മതിച്ചതെന്നും യാസിന്‍ അവകാശപ്പെട്ടു.
സയീദാണ് ജിഹാദി ഗ്രൂപ്പുകളുടെ യോഗം വിളിച്ചത്. സമാധാനം തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പ്രസംഗം ആ യോഗത്തില്‍ മാലിക് നടത്തി. എന്നാല്‍ ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ തെളിവായി ഇത് പിന്നീട് തനിക്കെതിരെ ഉപയോഗിക്കപ്പെട്ടുവെന്നും തെറ്റായി ചിത്രീകരിക്കപ്പെട്ട ഔദ്യോഗികമായി അംഗീകാരത്തോടെ നടന്ന സംഭവമാണിതെന്നും മാലിക് പറയുന്നുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഐബിക്ക് വിവരങ്ങള്‍ കൈമാറിയശേഷം അന്ന് വൈകുന്നേരം മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറയുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എൻകെ നാരായണന്റെ സാന്നിധ്യത്തിലായിരുന്നു ഈ സന്ദര്‍ശനം. അന്ന് പാക്കിസ്ഥാനിലെ നേതാക്കളുമായി ഇടപ്പെട്ടതിനും സമാധാനം വീണ്ടെടുക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും മന്‍ മോഹന്‍ സിംഗ് തന്നെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തുവെന്ന് മാലിക് രേഖയില്‍ വെളിപ്പെടുത്തി. കശ്മീരിലെ അക്രമരാഹിത്യ പ്രസ്ഥാനത്തിന്റെ പിതാവായാണ് തന്നെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും മാലിക് പറഞ്ഞു. മന്‍മോഹന്‍ സിംഗിന് കൈകൊടുത്ത് നില്‍ക്കുന്ന ഒരു ചിത്രത്തെ കുറിച്ചും മാലിക് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, ഐകെ ഗുജ്‌റാള്‍, മുന്‍ ആഭ്യന്തര ധനകാര്യ മന്ത്രി പി ചിദംബരം, മറ്റൊരു മുന്‍ ആഭ്യന്തര മന്ത്രി രാജേഷ് പൈലറ്റ്, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുള്‍പ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും മാലിക്കിന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
"1990-ലെ എന്റെ അറസ്റ്റിനുശേഷം വിപി സിംഗ്, ചന്ദ്രശേഖര്‍, പിവി നരസിംഹ റാവു, എച്ച്ഡി ദേവഗൗഡ, ഐകെ ഗുജ്‌റാള്‍, എബി വാജ്‌പേയി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരുടെ കീഴിലുള്ള സര്‍ക്കാരുകളില്‍ ഞാന്‍ സജീവമായി ഇടപെട്ടു. കശ്മീർ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ആഭ്യന്തര വേദി ലഭിച്ചു എന്നു മാത്രമല്ല അധികാരത്തിലിരുന്ന ഈ സര്‍ക്കാരുകള്‍ എന്നെ സജീവമായി സ്വാധീനിക്കുകയും അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു", മാലിക് പറഞ്ഞു.
1990 ജനുവരിയില്‍ ശ്രീനഗറില്‍ നാല് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ യാസിന്‍ മാലിക്കിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റൂബിയ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിലും കശ്മീരി മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ കൊടും തീവ്രവാദികളുമായി വിഘടനവാദികള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് മാലിക്കിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. 2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാര്‍ തീവ്രവാദികള്‍ക്കായി ചുവന്ന പരവതാനികളും ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.