ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. അതേസമയം വിദേശ സന്ദർശനത്തിനിടെ പ്രതിപക്ഷ നേതാവ് വീണ്ടും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.
ഇന്ത്യ ഒന്നിലധികം മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും ആശയങ്ങളുടെയും ഒരു രാജ്യമാണ്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നുന്നതാകണം. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ ആക്രമണം നടക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വ്യത്യസ്ത ഭാഷകളും ആശയങ്ങളും പാരമ്പര്യങ്ങളുമുള്ള ഇന്ത്യയ്ക്ക്, അടിച്ചമർത്തൽ നിറഞ്ഞ സ്വേച്ഛാധിപത്യ സംവിധാനമുള്ള ചൈനയെപ്പോലെ ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള വിള്ളലാണ് മറ്റൊരു അപകടസാധ്യത. ഏകദേശം 16-17 വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളും രാജ്യത്തുണ്ട്. ഈ വ്യത്യസ്ത പാരമ്പര്യങ്ങൾ അഭിവൃദ്ധി പ്രാപിക്കാൻ അനുവദിക്കുകയും അവയ്ക്ക് സ്വയം പ്രകടിപ്പിക്കാൻ ഇടം നൽകുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ചൈന ചെയ്യുന്നതുപോലെ ആളുകളെ അടിച്ചമർത്തുക, സ്വേച്ഛാധിപത്യ സംവിധാനം നടത്തുക തുടങ്ങിയകാര്യങ്ങൾ ഇന്ത്യയിൽ നമുക്ക് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മണ്ണിൽ ഇന്ത്യയെക്കുറിച്ച് രാഹുൽഗാന്ധി മോശമായി സംസാരിച്ചെന്ന് ബിജെപി പ്രതികരിച്ചു. രാഹുൽഗാന്ധി വിദേശത്തേക്ക് പോയി ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കകയാണെന്നും അദ്ദേഹം സ്വന്തം രാഷ്ട്രത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നവെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിലെഴുതി. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ വിദേശത്ത് അപകീർത്തിപ്പെടുത്തുന്നത് രാഹുൽ ഗാന്ധിയുടെ ഒരു ശീലമായി മാറിയിരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രതികരിച്ചത്.