മുൻപ് തൃണമൂൽ കോൺഗ്രസ് ഭരിച്ചിരുന്ന ഈ സമിതിയിലെ 12 സീറ്റുകളിൽ 11 എണ്ണവും ഇത്തവണ ബിജെപി വിജയിച്ചു. ജില്ലാ അധികൃതരുടെ കണക്കനുസരിച്ച് ഒരു സീറ്റിൽ മാത്രമാണ് തൃണമൂൽ കോൺഗ്രസ് ജയിച്ചത്.
അതേസമയം ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമായി. പുറത്തുനിന്ന് ആളുകളെ എത്തിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ ശ്രമിച്ചെന്ന് വിജയിച്ച ഒരു ബിജെപി സ്ഥാനാർത്ഥി ആരോപിച്ചു. ജനങ്ങളുടെ ഇടപെടലാണ് തൃണമൂലിൻ്റെ പദ്ധതി പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
തന്നെ ഒരുകൂട്ടം സ്ത്രീകൾ അക്രമിക്കുകയും വസ്ത്രം കീറുകയും ചെയ്തെന്ന് പേര് വെളിപ്പെടുത്താത്ത ഒരു തൃണമൂൽ കോൺഗ്രസ് നേതാവ് ടിവി ചാനലുകളോട് പറഞ്ഞു. പഞ്ചായത്ത് സമിതി അംഗമാണെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. നന്ദിഗ്രാം സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരാണ് തന്നെ രക്ഷിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പിടിഐ ബന്ധപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പുമായി അക്രമവുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ ഒരു തൃണമൂൽ വക്താവ് വിസമ്മതിച്ചു. സംഭവത്തിനെ തുടർന്ന് ഇരു പാർട്ടികളും പരസ്പരം ആരോപണമുന്നയിക്കുന്നത് തുടരുകയാണ്. വ്യാജ വോട്ടുകൾ ചെയ്തെന്നാണ് ഇരു കക്ഷികളും പരസ്പരം ആരോപിക്കുന്നത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് തങ്ങൾ ആഗ്രഹിച്ചതെന്നും എന്നാൽ പുറത്തു നിന്ന് കൊണ്ടുവന്ന ആളുകളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു എന്നും നന്ദിഗ്രാം തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബപ്പാദിത്യ ഡെക്കോൺ ഹെറാൾഡിനോട് പറഞ്ഞു.
എന്നാൽ, ബിജെപി ഈസ്റ്റ് മിഡ്നാപൂർ ജില്ലാ വൈസ് പ്രസിഡൻ്റ് പ്രൊളോയ് പാൽ ഈ ആരോപണം നിഷേധിച്ചു. തൃണമൂലിൻ്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ആളുകൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാൻ കഴിയുന്ന ഇടങ്ങളിൽ അവർ തോൽക്കുമെന്നും പാൽ പറഞ്ഞു. ഭേക്കുടിയയിലും ഇതാണ് സംഭവിച്ചത്, പോലീസിൻ്റെ സഹായത്തോടെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ ശ്രമിച്ച തൃണമൂൽ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടന്ന സ്ഥലനമാണ് നന്ദിഗ്രാം. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി ഈ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ തോൽപ്പിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഒരു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി അധികാരത്തിലെത്തും എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപി 100-ൽ താഴെ സീറ്റുകളിൽ ഒതുങ്ങുകയും തൃണമൂൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു.
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷവും ബംഗാളിൽ വൻ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപിയും മമതയും തമ്മിലുള്ള രാഷ്ട്രീയ കൊമ്പു കോർക്കൽ ഇപ്പോഴും പല രീതിയിലും തുടരുകയും ചെയ്യുന്നുണ്ട്.
