ജമ്മുകാശ്മീരിലെ അവന്തിപൊരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 49 ജവാന്മാരായിരുന്നു വീരമൃത്യു വരിച്ചത്. ആ ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്. 2019 ഫെബ്രുവരി 14.കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനീകർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
Also read- ജമ്മു കശ്മീർ മണ്ഡല പുനർനിർണയത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോവാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.
advertisement
ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. വ്യോമാക്രമണത്തിൽ മുന്നൂറോളം ഭീകരരെ വധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
27ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ ക്യാമ്പുകൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെങ്കിലും കനത്ത തിരിച്ചടി രാജ്യം നൽകി. പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ വിമാനം തകര്‍ന്ന് വിംങ് കമാണ്ടര്‍ അഭിനന്ദൻ വര്‍ത്തമാൻ പാക് സേനയുടെ പിടിയിലായി. ഇന്ത്യയുടെ അന്ത്യശാനത്തെ തുടര്‍ന്ന് അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാൻ വിട്ടയച്ചു. സൂത്രധാരനടക്കം എൻ ഐ എ കുറ്റപത്രത്തിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല.
‘അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ല’; പ്രധാനമന്ത്രി നരേന്ദ്രമോദി
പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നും ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുന്നതിലുള്ള പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു നൽകിയ ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.