കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) ആയ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ അർജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. എയ്‌റോ ഇന്ത്യ 2023-ന്റെ 14-ാമത് എഡിഷനിൽ പങ്കെടുക്കാൻ ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. അർജന്റീനയിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലർ ബെംഗളൂരുവിൽ വെച്ച് എച്ച്എഎൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചില വൃത്തങ്ങൾ പറഞ്ഞതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“അർജന്റീനയിൽ നിന്നുള്ള ഒരു സംഘം ഇവിടെ എത്തിയിട്ടുണ്ട്. അവരുമായി കൂടിക്കാഴ്ചകൾ നടത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർക്ക് നമ്മുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ താൽപര്യമുണ്ട്”, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എയ്‌റോ ഇന്ത്യ 2023 ൽ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യൻ പ്രതിനിധി സംഘവും എച്ച്എഎൽ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തും എന്നാണ് റിപ്പോർട്ടുകൾ.
2021-ൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ ഭാഗമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ, അതിന്റെ സവിശേഷതകൾ കൊണ്ട് മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, മൾട്ടി മോഡ് റഡാറുകൾ, വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഈ വിമാനത്തിലുണ്ട്.
Also read: ‘സ്വവര്‍ഗാനുരാഗം ഇപ്പോഴും കുറ്റകൃത്യമായി കാണുന്നത് അനീതി’; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
അർജന്റീനയും മലേഷ്യയും തേജസ് എംകെ 1 എ വാങ്ങിയാൽ അന്താരാഷ്ട്ര തലത്തിൽ അത് കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യയുടെ അംഗീകാരം വർദ്ധിക്കുകയും ചെയ്യും. കൂടാതെ ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് ലാറ്റിനമേരിക്കയിലേക്കും കരീബിയൻ മേഖലയിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വർദ്ധിക്കും. ഈ മേഖലയിൽ ഇതുവരെ കാൺപൂർ ആസ്ഥാനമായുള്ള എംകെയു പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി മാത്രമേ സജീവമായി ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആണ് തേജസ് എംകെ 1 എ. എറോസ്‌പേസ് നിർമാണം, കയറ്റുമതി രംഗങ്ങളിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക കൂടിയാണ് തേജസ് എംകെ 1 എ.
എച്ച്എഎൽ എൽസിഎ തേജസ് എംകെ 1 എയ്ക്ക് അർജന്റീനയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ഓർഡറുകൾ ലഭിച്ചാൽ അത് ഇന്ത്യൻ എയ്‌റോസ്‌പേസ് മേഖലയ്ക്ക് വലിയ ഉത്തേജനം ആകുമെന്നുറപ്പാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരിക്കുമത്. ഇതു വഴി തേജസ് എംകെ 1 എക്ക് കൂടുതൽ അന്താരാഷ്ട്ര ഓർഡറുകൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: Aero India 2023: Argentina and Malaysia interested at India’s Tejas MK1 A fighter plane
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.