ന്യൂഡൽഹി: ജമ്മു കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയത്തിനായി ഇറക്കിയ വിജ്ഞാപനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2019-ലെ ജമ്മു കശ്മീരിലെ പുനഃസംഘടനാ നിയമത്തിനെതിരായ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഹര്‍ജികളുടെ മെറിറ്റുമായി ബന്ധപ്പെട്ട ഒരഭിപ്രായവും രേഖപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. പുനര്‍നിര്‍ണയത്തിനായി കേന്ദ്ര സര്‍ക്കാരിന് കമ്മീഷൻ രൂപീകരിക്കാനുള്ള അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് കശ്മീർ സ്വദേശികൾ നൽകിയ ഹർജി തള്ളിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന പ്രത്യേക ബാച്ച് ഹർജികളിൽ പുനർനിർണയം സംബന്ധിച്ച തീരുമാനത്തിന് ബന്ധമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ ഒന്നും മൂന്നും വകുപ്പുകൾ പ്രകാരം അധികാരം വിനിയോഗിക്കുന്നതിന് ഈ വിധിയിലുള്ള യാതൊന്നും എതിരായി കണക്കാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഓക പറഞ്ഞു. ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട അധികാര വിനിയോഗത്തിന്റെ സാധുത സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജികളുടെ വിഷയമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Also Read- ‘ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന്റെ സര്‍വനാശം’: പിണറായി വിജയന്‍
ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ആർട്ടിക്കിൾ 370, ജമ്മു-കശ്മീർ പുനഃസംഘടന നിയമം, 2019 എന്നിവയുടെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.