രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ പിയാണ് വ്യക്തിസൗഹൃദ ടെലി-മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്, ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.
advertisement
Also Read- 'ഇ സഞ്ജീവനിക്ക്' ഒന്നാം പിറന്നാൾ; സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍
1,73,734 കൺസൾട്ടേഷനുകളുമായി കേരളം ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 2019ൽ നവംബറിൽ 1,55,000 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ- സഞ്ജീവനി ആരംഭിച്ചത്. മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഡോക്ടർ ടു ഡോക്ടർ ടെലിമെഡിസിൻ പ്ലാറ്റ്ഫോം 20,000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളിലും 30 ഓളം സംസ്ഥാനങ്ങളിലായി 1800 ലധികം ഹബ്ബുകളിലും നടപ്പാക്കി. പ്രതിരോധ മന്ത്രാലയവും ഇ-സഞ്ജീവനി ഒപിഡിയിൽ ആതിഥേയത്വം വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നൂറിലധികം വിദഗ്ധ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും രാജ്യമെമ്പാടുമുള്ള രോഗികൾക്ക് സേവനം നൽകുന്നു.
പല സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ സേവനം ഉപയോഗപ്പെടുത്തിയ സംസ്ഥാനങ്ങൾ- ആന്ധ്രാപ്രദേശ് (12,19,689), തമിഴ്‌നാട് (11,61,987), കർണാടക (10,56,447), ഉത്തർപ്രദേശ് (9,52,926), ഗുജറാത്ത് (2,67,482), മധ്യപ്രദേശ് ( 2,64,364) ബിഹാർ, (1,92,537), മഹാരാഷ്ട്ര (1,77,629), കേരളം (1,73,734), ഉത്തരാഖണ്ഡ് (1,34,214).
ക്വറന്റീനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം സഹായകമായി. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ ആശുപത്രിയിൽ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം. ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Also Read- കോവിഡ് രോഗികളുടെ മുടികെട്ടി, താടി വടിച്ച് നൽകി ആരോഗ്യപ്രവർത്തകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കൊവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.
