ശ്രദ്ധനേടാനാണ് രാഹുൽ ഗാന്ധിയുടെ വ്യാജ ആരോപണങ്ങളെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു. "വോട്ട് മോഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻ ആരോപണങ്ങൾ പരാജയപ്പെട്ടതും വ്യാജമാണെന്ന് തെളിഞ്ഞതുമാണ്, വീണ്ടും ശ്രദ്ധ നേടാനായി രാഹുൽ ഗാന്ധി പഴയ തെറ്റുകളിൽ നിന്ന് പഠിക്കാൻ തയ്യാറാവുന്നില്ല. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ അടിസ്ഥാനരഹിതമായ വാദങ്ങൾ വ്യക്തമായി നിഷേധിച്ചിരിക്കുകയാണ്." - കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
ഇതും വായിക്കുക: 'ഹൈഡ്രജൻ ബോംബ് ചീറ്റിപ്പോയി'; രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണ' ആരോപണം തള്ളി ബിജെപി; 'തെളിവുണ്ടെന്ന്' കോൺഗ്രസ്
advertisement
ഓൺലൈനായി വോട്ടർമാരെ നീക്കം ചെയ്തെന്ന വാദം പരിഹാസ്യമാണെന്ന് പറഞ്ഞുകൊണ്ട്, കർണാടകയിലെ കോൺഗ്രസ് പാർട്ടി വിജയിച്ച അലന്ദ് മണ്ഡലത്തിന്റെ ഉദാഹരണം കൊണ്ടുവന്നതിന് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിയെ പരിഹസിച്ചു. "രാഹുലിന് തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് യാതൊരു അറിവുമില്ല. വോട്ടർമാരെ ഓൺലൈനായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയില്ലേ? കർണാടകയിലെ മലൂർ നിയമസഭാ സീറ്റിനെക്കുറിച്ച് അദ്ദേഹം എന്തുകൊണ്ട് സംസാരിച്ചില്ല?" ജോഷി കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയെ "യഥാർത്ഥ വോട്ട് മോഷ്ടാവ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട്, കേന്ദ്രമന്ത്രി, കർണാടകയിലെ മലൂർ മണ്ഡലത്തെക്കുറിച്ച് പരാമർശിച്ചു. അവിടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കാരണം കോൺഗ്രസ് എംഎൽഎ കെ വൈ നഞ്ചേഗൗഡയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കുകയും വോട്ടുകൾ വീണ്ടും എണ്ണാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
"യഥാർത്ഥ വോട്ട് മോഷ്ടാവ് കോൺഗ്രസാണ്. ഇവിഎമ്മുകൾ കാരണം 20-ലധികം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതുകൊണ്ട്, യന്ത്രത്തിലായിരിക്കില്ല, കോൺഗ്രസിലാണ് തകരാർ," കേന്ദ്രമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും "ജനാധിപത്യത്തിന്റെ ഘാതകരെ" സംരക്ഷിക്കുന്നുവെന്നും ആരോപിച്ചതിന് പിന്നാലെ, ഈ ആരോപണങ്ങൾ "തെറ്റും അടിസ്ഥാനരഹിതവുമാണ്" എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
"രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങൾക്കാർക്കും വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ കഴിയില്ല," തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വസ്തുതാപരിശോധനാ റിപ്പോർട്ടിൽ പറഞ്ഞു.