ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ കാണാൻ പാക്കിസ്ഥാൻ പൗരയായ സീമ ഹൈദർ എന്ന സ്ത്രീ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ റിപ്പോർട്ടുകൾ അടുത്തിടയൊണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് രാജസ്ഥാനിൽ നിന്നുള്ള ഈ വാർത്ത. സീമ ഹൈദർ നിയമവിരുദ്ധമായാണ് ഇന്ത്യയിൽ എത്തിയതെങ്കിൽ, അഞ്ജു വാഗാ അതിർത്തി വഴി നിയമപരമായാണ് പാകിസ്ഥാനിൽ എത്തിയത്.
അഞ്ജുവിനെ ആദ്യം പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാരേഖകൾ എല്ലാം കൃത്യമായതിനാൽ വിട്ടയക്കുകയായിരുന്നു. അഞ്ജുവിന്റെ കാമുകൻ നസ്‌റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.
advertisement
സീനിയർ പോലീസ് ഓഫീസർ മുഷ്താഖ് ഖാബും സ്‌കൗട്ട്സ് മേജറും ചേർന്ന് രേഖകൾ പരിശോധിച്ചതിനു ശേഷമാണ് അഞ്ജുവിനെയും സുഹൃത്തിനെയും വിട്ടയച്ചതെന്ന് ദിർ പോലീസ് സ്‌റ്റേഷനിലെ ഓഫീസർമാരിലൊരാൾ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അഞ്ജുവിനെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ പോലീസിലെ ഒരു സംഘം ഭിവാഡിയിലെ വീട്ടിലെത്തിയിരുന്നു.
ജയ്പൂരിലേക്ക് പോകുകയാണ് എന്നു പറഞ്ഞാണ് വ്യാഴാഴ്ച അഞ്ജു വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ പിന്നീടാണ് പാകിസ്ഥാനിലെത്തിയ വിവരം വീട്ടുകാർക്ക് മനസിലായെന്നും ഭർത്താവ് പറഞ്ഞു. അഞ്ജു ഓൺലൈനിൽ ആരെങ്കിലുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. “വ്യാഴാഴ്‌ചയാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് ഭർത്താവ് പറഞ്ഞത്. യുവതിയുടെ പക്കൽ സാധുവായ പാസ്‌പോർട്ടും ഉണ്ടായിരുന്നു”, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഭിവാദി സുജിത് ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അഞ്ജുവിന് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്. ഇവരുടെ കുടുംബത്തിൽ നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് അറിയിച്ചു.
പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പാകിസ്ഥാൻ സ്വദേശി സീമ ഹൈദന്റെയും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയുടെയും വാർത്ത കഴിഞ്ഞ അടുത്തിടെയാണ് പുറത്തു വന്നത്. നേപ്പാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച സീമ ഹൈദറിനെ പാകിസ്ഥാൻ ചാര പ്രവർത്തകയാണെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ കാമുകൻ സച്ചിൻ മീണയെ കാണാൻ മാത്രമാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് സീമ ഹൈദർ ആവർത്തിച്ചത്. സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.