ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്ന പിടി ഉഷയുടെ പരാമർശം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ സന്ദർശനം. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ 11 ദിവസമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്.
ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ് രംഗ് പുനിയ തുടങ്ങിയ താരങ്ങളുമായി പി ടി ഉഷ സംസാരിച്ചു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും പിടി ഉഷ ഉറപ്പ് നൽകിയതായി ബജ് രംഗ് പുനിയ പറഞ്ഞു.
advertisement
മറ്റെന്തിനേക്കാളും ഉപരി താൻ ഒരു കായിക താരമാണെന്നാണ് പിടി ഉഷ തങ്ങളോട് പറഞ്ഞത്. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന് പിടി ഉഷ ഉറപ്പ് നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷണെ സ്ഥാനത്തു നിന്ന് നീക്കുന്നതു വരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി.
Also Read- ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ആരാണ് കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്?
അതേസമയം, ബ്രിജ് ഭൂഷണിനെതിരായ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമ വിചാരണയിലൂടെ ലൈംഗികാരോപണം തെളിയിക്കാൻ സാധിക്കില്ലെന്നും അതിന് അതിന് ഭരണപരമായ അന്വേഷണ രീതി ആവശ്യമാണെന്ന് അനുരാഗ് താക്കൂർ പ്രതികരിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാക്കണം. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എങ്ങനെയാണ് നടപടിയെടുക്കാനാകുക. മാധ്യമ വിചാരണയിലൂടെ ഒന്നും തീരുമാനിക്കാനാകില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കും. ലൈംഗികാരോപണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടേയെന്നും അതിനു മുമ്പ് തീരുമാനത്തിലേക്ക് എടുത്തു ചാടരുതെന്നും മന്ത്രി പറഞ്ഞു.