ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ സമരം തുടരുകയാണ്. ഇപ്പോൾ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി താരമായ വിനേഷ് ഫൊഗട്ട്. നടപടിയെടുക്കുന്നതിന് പകരം മേൽനോട്ട സമിതി രൂപീകരിച്ച് വിഷയം ഒതുക്കിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് വിനേഷ് പറഞ്ഞു.
സമരത്തിന്റെ രണ്ടാംഘട്ടത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം.
”കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് താക്കൂറുമായി ചർച്ച ചെയ്തശേഷമാണ് ഞങ്ങൾ അന്ന് സമരം അവസാനിപ്പിച്ചത്. ലൈംഗികാതിക്രമത്തെപ്പറ്റി നിരവധി താരങ്ങൾ അദ്ദേഹത്തോട് പറയുകയും ചെയ്തതാണ്. എന്നാൽ കൃത്യമായ നടപടിയെടുക്കുന്നതിന് പകരം ഒരു മേൽനോട്ട കമ്മിറ്റി രൂപീകരിച്ച് വിഷയം ഒതുക്കിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചത്,’ വിനേഷ് ഫൊഗട്ട് പറഞ്ഞു.
Also Read- ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ആരാണ് കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്?
അധികാരത്തിലിരുന്ന് അവ ദുരുപയോഗം ചെയ്യുന്ന ഒരു മനുഷ്യനെതിരെ സമരം ചെയ്യുക അത്ര എളുപ്പമല്ലെന്നും വിനേഷ് പറഞ്ഞു. അതേസമയം രണ്ടാംഘട്ട സമരം തുടങ്ങുന്നതിന് മുമ്പ് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയുമായി തങ്ങൾ ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ അതിൻമേലും നടപടിയുണ്ടായില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.
”ജന്തർ മന്തറിൽ സമരം തുടങ്ങുന്നതിന് മൂന്ന് നാല് മാസം മുമ്പ് ഒരു ഉദ്യോഗസ്ഥനെ ഞങ്ങൾ കണ്ടിരുന്നു. വനിതാ അത്‌ലറ്റുകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയും അദ്ദേഹത്തോട് പറഞ്ഞിരുന്നു. നടപടിയൊന്നും എടുക്കാത്തതു കൊണ്ടാണ് ജന്തർ മന്തറിൽ സമരം തുടങ്ങാൻ തീരുമാനിച്ചത്,’ വിനേഷ് ഫോഗട്ട് പറഞ്ഞു.
അതേസമയം തന്റെ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കില്ലെന്നാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്. അത് ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ശരിയാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
”ഞാനിപ്പോൾ രാജിവെയ്ക്കുകയാണെങ്കിൽ അതിനർത്ഥം അവരുടെ ആരോപണങ്ങൾ ഞാൻ അംഗീകരിക്കുന്നുവെന്നാണ്. എന്റെ കാലാവധി കഴിയാൻ പോകുകയാണ്”. ബ്രിജ്ഭൂഷൺ പറഞ്ഞു.
അതേസമയം ഗുസ്തി താരങ്ങളുടെ സമരം ഒരു രാഷ്ട്രീയ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി രാഷ്ട്രീയ പാർട്ടികളാണ് ഇവർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയത്.
2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷൻ അംഗമായ ബ്രിജ് ഭൂഷൺ സിംഗ് ഉത്തർപ്രദേശിൽ നിന്ന് ആറ് തവണ പാർലമെന്റ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിലും ഒരു തവണ സമാജ്വാദിയിലും ആണ് അദ്ദേഹം വിജയിച്ചത്. കൂടാതെ അയോധ്യയിലെ രാമജന്മഭൂമി വിഷയത്തിൽ പ്രമുഖ നേതാവുമായിരുന്നു സിംഗ്. അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ബ്രിജ് ഭൂഷൺ സിംഗിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.