ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയുടെ പരാജയം വിജയം പഞ്ചാബിനൊപ്പമെത്തിച്ചു. മത്സരത്തിനു പിന്നാലെ ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പരാജയത്തിന്റെ വേദനയും അരിശവും വാർണറുടെ മുഖത്ത് പ്രകടമായിരുന്നു.
പൊതുവിൽ ശാന്തവും ചിരിയും നിറഞ്ഞു നിൽക്കുന്ന വാർണറുടെ മുഖത്തെ ഭാവ വ്യത്യാസം തിരിച്ചറിയാൻ പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. മത്സരത്തിനു ശേഷം പവർ പ്ലേയർ അവാർഡ് വാങ്ങുമ്പോഴുള്ള വാർണറുടെ മുഖഭാവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ലക്ഷം രൂപ സമ്മാനം വാങ്ങുമ്പോൾ ഇത്രയും ദുഃഖിതനായി ആരെയും ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഒരു കമന്റ്.
advertisement
വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസിന് സ്കോർ ചെയ്തുകൊണ്ടായിരുന്നു ഹൈദരാബാദിന്റെ തുടക്കം. 20 പന്തിൽ 35 റൺസെടുത്ത വാർണറും 19 റണ്‍സെടുത്ത ബെയർ സ്റ്റോയും മികച്ച തുടക്കം നല്‍കിയെങ്കിലും ഇത് പിന്തുടരാൻ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. 12 റൺസ് അകലെ ഹൈദരാബാദിന് വിജയം നഷ്ടമാവുകയായിരുന്നു.
ഇത്രയും ചെറിയൊരു സ്കോർ പിന്തുടരാൻ കഴിയാത്തതാണ് ഹൈദരാബാദ് നായകന്റെ ദുഃഖത്തിനും ദേഷ്യത്തിനും കാരണം. ഈ മത്സരം തോറ്റതോടെ ഹൈദരാബാദിന്‍റെ പ്ലേഓഫ് സാധ്യകൾക്ക് മങ്ങലേറ്റു. എട്ടു പോയിന്‍റ് മാത്രമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.