ദുബായ്: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കിങ്സ് ഇലവൻ പഞ്ചാബ്. ജയിക്കാൻ 127 റൺസ് മാത്രം മതിയായിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദ് ഇന്നിംഗ്സ് 19.5 ഓവറിൽ 114 റൺസിന് അവസാനിക്കുകയായിരുന്നു. 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് ജോർദാനാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്. അവസാന ഓവറിൽ ആഞ്ഞടിച്ച അർഷ് ദീപ് സിങും മൂന്നു വിക്കറ്റു സ്വന്തമാക്കി.
പഞ്ചാബ് ബൌളർമാരുടെ കണിശതയാർന്ന പന്തേറാണ് ഹൈദരാബാദിന് ജയം നിഷേധിച്ചത്. ഒരവസരത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസ് പിന്നിട്ട ഹൈദരാബാദ് പിന്നീട് വിക്കറ്റുകൾ കളഞ്ഞുകുളിച്ച് സ്വയം തോൽവി വരുക്കുന്നതാണ് കണ്ടത്. നായകൻ ഡേവിഡ് വാർണർ(35), ജോണി ബെയർസ്റ്റോ(19) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. എന്നാൽ ഇവർ ഇരുവരും അടുത്തടുത്ത് മടങ്ങിയതോടെ ഹൈദരാബാദ് തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയിൽ വിജയ് ശങ്കർ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും ഉറച്ച പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല.
സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴിന് 126 റൺസെടുക്കുകയായിരുന്നു. സൺറൈസേഴ്സിന്‍റെ കൃത്യതയാർന്ന ബൌളിങാണ് വൻ സ്കോർ നേടുന്നതിൽനിന്ന് കിങ്സ് ഇലവൻ പഞ്ചാബിനെ തടഞ്ഞത്. പഞ്ചാബിനുവേണ്ടി നായകൻ കെ.എൽ രാഹുൽ 27 റൺസെടുത്തു. സൂപ്പർ താരം ക്രിസ് ഗെയിന് 20 റൺസെടുക്കാനെ സാധിച്ചുള്ളു. നിക്കോളാസ് പൂരാൻ റൺസു നേടിയപ്പോൾ ഗ്ലെൻ മാക്സ് വെൽ(12) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി സന്ദീപ് ശർമ്മ, ജേസൻ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത അഫ്ഗാൻ താരം റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്.
ഐപിഎൽ പതിമൂന്നാം സീസണിൽ ഈ വിജയത്തോടെ കിങ്സ് ഇലവൻ പഞ്ചാബ് 11 മത്സരങ്ങളിൽനിന്ന് 10 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത മൂന്നു മത്സരങ്ങളിലും മികച്ച വിജയം നേടിയാൽ പഞ്ചാബിന് പ്ലേഓഫിലെത്താനാകും. അതേസമയം ഈ മത്സരം തോറ്റതോടെ ഹൈദരാബാദിന്‍റെ പ്ലേഓഫ് സാധ്യകൾക്ക് മങ്ങലേറ്റു. എട്ടു പോയിന്‍റ് മാത്രമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, Kings XI Punjab, Mandeep Singh