ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗാവസ്കറുടേത് സെക്സിസ്റ്റ് പരാമർശമാണെന്നും സ്ത്രീ വിരുദ്ധമാണെന്നുമാണ് വിമർശകർ പറയുന്നത്. ഇതിനെതിരെ അനുഷ്ക തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ പറഞ്ഞ കാര്യങ്ങളെ വിശദീകരിച്ചു കൊണ്ട് ഗാവസ്കര്‍ രംഗത്തെത്തിയത്. ലോക്ക്ഡൗൺ സമയത്ത് വിരാട് കോലിയും അനുഷ്കയും അവരുടെ കെട്ടിട കോമ്പൗണ്ടിൽ ക്രിക്കറ്റ് കളിച്ചതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും തന്റെ പരാമർശത്തിൽ ലൈംഗികതയൊന്നും ഇല്ലെന്നും ഗവാസ്കർ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് ഗാവസ്കർ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ആ കമന്ററിയിൽ നിങ്ങൾ കേൾക്കുന്നതുപോലെ, ഞാനും ആകാശും ഹിന്ദി ചാനലിനുവേണ്ടിയാണ് വിവരണം നൽകിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും പരിശീലനത്തിനുള്ള സൗകര്യങ്ങൾ തീർത്തും പരിമിതമായിരിക്കുമെന്ന് ഞങ്ങൾ സംസാരിക്കുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ മിക്ക താരങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളും കണ്ടിരുന്നു- ഗാവസ്കർ പറഞ്ഞു.
advertisement
ആദ്യ മത്സരത്തിൽ രോഹിത്തിന് പന്ത് ഉദ്ദേശിച്ച രീതിയിൽ അടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ധോണിക്കും വിരാടിനും പന്ത് നേരിടുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പരിശീലനത്തിന്‍റെ കുറവ് എല്ലാവരിലും ഉണ്ട്- അദ്ദേഹം വ്യക്തമാക്കി. ആ സാഹചര്യത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. വിരാടിന് ഒരു പരിശീലനവും ഇല്ലായിരുന്നു. അവരുടെ കെട്ടിട കോംപൗണ്ടിൽ അനുഷ്ക ശർമ ബോൾ ചെയ്യുന്ന ആ വിഡിയോയിലാണ് കോലി ബാറ്റെടുത്തിരുന്നത്. അതാണ് ഞാൻ അവിടെ പരാമർശിച്ചത്. അതിന് ബോളിംഗ് എന്നു തന്നെയല്ലേ ഞാൻ പറഞ്ഞത്. മറ്റൊരു വാക്കും ഉപയോഗിച്ചിട്ടില്ല. അതിലെവിടെയാണ് കുറ്റപ്പെടുത്തൽ? എവിടെയാണ് സ്ത്രീ വിരുദ്ധത -ഗാവസ്കർ ചോദിച്ചു.
ലോക്ഡൗണിൽ വിരാട് കോലി ഉൾപ്പെടെ പലർക്കും പരിശീലനം ലഭിച്ചിരുന്നില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതിൽ സെക്സിസം ഇല്ല. വല്ലവരും ഞാൻ പറഞ്ഞതിനെ വളച്ചൊടിച്ചതിന് ഞാൻ എന്ത് പിഴച്ചു? അദ്ദേഹം ചോദിച്ചു. ഒരിക്കൽക്കൂടി ഞാൻ ചോദിക്കുന്നു, ഇതിലെവിടെയാണ് ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയത്? ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ല. അനുഷ്ക വിരാടിനു വേണ്ടി ബൗൾ ചെയ്ത വീഡിയോയെ കുറിച്ചാണ് ഞാൻ പരാമർശിച്ചത്.
അനുഷ്കയുടെ ആ ബോളിംഗ് മാത്രമാണ് ലോക്ഡൗൺ കാലത്ത് വിരാട് നേരിട്ടിട്ടുള്ളത്. അത് തമാശയ്ക്ക് ടെന്നിസ് പന്തിൽ കളിച്ചതാണ്. അത്രേയുള്ളൂ. അതിലെവിടെയാണ് വിരാടിന്റെ പരാജയത്തിന് ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയിരിക്കുന്നത്- സുനിൽ ഗാവസ്കർ വ്യക്തമാക്കി.