ഇത്രയും മത്സരങ്ങളിൽ ക്യാപ്റ്റനായി ഇരുന്ന മറ്റൊരു താരവുമില്ല എന്നത് ധോണിയെന്ന ക്യാപ്റ്റന്റെ മഹത്വം തെളിയിക്കുന്നതാണ്. ഇതിൽ ധോണിക്ക് പിന്നിലായുള്ളത് മുൻ വിൻഡീസ് ക്യാപ്റ്റനായ ഡാരൻ സമിയാണ്. 208 ടി20 മത്സരങ്ങളിലാണ് സമി ക്യാപ്റ്റനായിട്ടുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന ധോണി 2017 ജനുവരിയില്‍ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു. ധോണിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ജയിച്ചത്. 2007 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 72 ടി20 മത്സരങ്ങളിലാണ് ഇന്ത്യയുടെ ക്യാപ്റ്റനായത്. ഇതില്‍ 41 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 28 എണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയിലാവുകയും രണ്ട് മത്സരങ്ങളില്‍ ഫലമില്ലാതാവുകയും ചെയ്തു.
advertisement
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ച ധോണി, ഐപിഎല്ലിൽ 213 മത്സരങ്ങളിലാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്. ഇതിൽ 130 മത്സരങ്ങളിൽ ടീമിന് ജയം നേടിക്കൊടുത്തിട്ടുണ്ട് താരം. ഇടക്കാലത്ത് ചെന്നൈ ഐപിഎല്ലിൽ നിന്ന് വിലക്ക് നേരിട്ടപ്പോൾ റൈസിംഗ് പൂനെ സൂപ്പര്‍ജയ്‌ന്‍റ്‌സിന്റെ ക്യാപ്റ്റനായി ധോണി സ്ഥാനമേറ്റിരുന്നു. 14 കളികളില്‍ പൂനെയെ നയിച്ച ധോണി അഞ്ച് ജയങ്ങളാണ് നേടിയത്. ഇതുവരെയുള്ള 299 ടി20കളില്‍ ക്യാപ്റ്റനായ ധോണിയുടെ വിജയശരാശരി 59.79 ആണ്.
കൂടുതല്‍ രാജ്യാന്തര ടി20കളില്‍ ക്യാപ്റ്റനായ താരം എന്ന റെക്കോർഡും ധോണിയുടെ പേരിലാണ്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന്‍റെ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്. ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ വരുന്ന ടീമുകളുടെ ക്യാപ്റ്റന്മാരാണ് ഇരുവരും എന്നത് പോരാട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
കലാശപ്പോര് ആവേശമാകാൻ ചെന്നൈയും കൊൽക്കത്തയും
ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7.30ന് നടക്കുന്ന ഐപിയിൽ പതിനാലാം സീസണിൽ കലാശപ്പോരിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ ജയം ആരാകും നേടുക എന്നത് പ്രവചനാതീതമാണ്. ഇതുവരെ കളിച്ച ഐപിഎൽ ഫൈനലുകളിൽ ഒന്നും തന്നെ തൊറ്റിട്ടില്ലാത്ത കൊൽക്കത്ത ഒമ്പതാം തവണ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ചെന്നൈയെ നേരിടുമ്പോൾ ആവേശം അതിരുകടക്കുമെന്ന് ഉറപ്പാണ്.
സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനൽ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്ന കൊൽക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്ന അവർ എലിമിനേറ്ററിൽ ബാംഗ്ലൂരിനെയും ഒടുവിൽ ക്വാളിഫയർ രണ്ടിൽ ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
