IPL 2021 Final| സൂപ്പർ ക്യാപ്റ്റന്മാർ നേർക്കുനേർ; കലാശപ്പോര് ആവേശമാക്കാൻ ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും
- Published by:Naveen
- news18-malayalam
Last Updated:
ഇതുവരെ കളിച്ച ഐപിഎൽ ഫൈനലുകളിൽ ഒന്നും തന്നെ തൊറ്റിട്ടില്ലാത്ത കൊൽക്കത്ത ഒമ്പതാം തവണ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ചെന്നൈയെ നേരിടുമ്പോൾ ആവേശം അതിരുകടക്കുമെന്ന് ഉറപ്പാണ്.
ഐപിഎല്‍ (IPL 2021) പതിനാലാം സീസണിലെ കിരീടാവകാശി ആരാകും എന്ന് ഇന്നറിയാം. സീസണിലെ കലാശപ്പോരിൽ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പർ കിങ്‌സും (Chennai Super Kings) ഓയിൻ മോർഗന്റെ (Eoin Morgan) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് (Kolkata Knight Riders) നേർക്കുനേർ വരുന്നത്. ഐപിഎൽ കിരീടങ്ങൾ നേടിയ ചരിത്രമുള്ള ഇരുടീമുകളും മറ്റൊന്ന് കൂടി നേടാനാണ് ഇന്നിറങ്ങുന്നത്. ഇതുവരെ കളിച്ച ഐപിഎൽ ഫൈനലുകളിൽ ഒന്നും തന്നെ തൊറ്റിട്ടില്ലാത്ത കൊൽക്കത്ത ഒമ്പതാം തവണ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ചെന്നൈയെ നേരിടുമ്പോൾ ആവേശം അതിരുകടക്കുമെന്ന് ഉറപ്പാണ്. ഐപിഎല്ലിൽ കൊൽക്കത്ത ഇതുവരെ രണ്ട്‍ തവണയും ചെന്നൈ മൂന്ന് തവണയുമാണ് കിരീടം ചൂടിയിട്ടുള്ളത്. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്.
സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനൽ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്ന കൊൽക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്ന അവർ എലിമിനേറ്ററിൽ ബാംഗ്ലൂരിനെയും ഒടുവിൽ ക്വാളിഫയർ രണ്ടിൽ ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
advertisement
ഇന്നത്തെ ഫൈനൽ പോരാട്ടം രണ്ട് സൂപ്പർ ക്യാപ്റ്റന്മാർ തമ്മിലുള്ള പോരാട്ടമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത് സാക്ഷാൽ എം എസ് ധോണിയും കൊൽക്കത്തയെ നയിക്കുന്നത് ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഓയിൻ മോർഗനും. കളത്തിൽ മികച്ച തന്ത്രങ്ങൾ മെനയുന്നതയിൽ മിടുക്കരായ ഇരുവരും നേർക്കുനേർ വരുമ്പോൾ പതിനാലാം സീസണിലെ കലാശക്കളിയിൽ ജയം ആര് നേടും എന്നത് പ്രവചനാതീതമാണ്.
Also read- IPL 2021| ദുബായിൽ കപ്പ് ആരുയർത്തും; ഐപിഎൽ ഫൈനൽ വേദിയിലെ പിച്ച് റിപ്പോർട്ട്, ശരാശരി സ്കോർ, സാധ്യതാ ഇലവൻ എല്ലാമറിയാം
കലാശപ്പോര് ആവേശമാക്കാൻ ഇറങ്ങുന്ന ധോണിയുടെ ചെന്നൈയുടെയും മോർഗന്റെ കൊൽക്കത്തയുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്. മികച്ച പ്രകടനം നടത്തുന്ന ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ നിരയിൽ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്കവാദും (Rituraj Gaikwad) ഫാഫ് ഡുപ്ലെസിസും (Faf Du Plessis) ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മുൻനിരയിൽ തന്നെയുണ്ട്. ഇരുവരും ചേർന്ന് ഈ സീസണിൽ ചെന്നൈക്ക് വേണ്ടി 1150 റൺസാണ് നേടിയത്. മറുവശത്ത് കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ (Shubman Gill) - വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) സഖ്യം 747 റണ്‍സ് നേടി മികവ് തെളിയിച്ചിട്ടുണ്ട്.
advertisement
മധ്യനിരയിൽ കഴിവുള്ള താരങ്ങൾ ഉണ്ടെങ്കിലും ആർക്കും ഇതുവരെ സ്ഥിരത പുലർത്താൻ കഴിഞ്ഞിട്ടില്ല. ഫിനിഷർ എന്ന നിലയിൽ രവീന്ദ്ര ജഡേജ (Ravindra Jajeja) നടത്തുന്ന പ്രകടനം ചെന്നൈയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നുണ്ട്. മറുവശത്ത് പരിക്ക് പറ്റി പുറത്തിരിക്കുന്ന ആന്ദ്രേ റസലിന്റെ അഭാവം കൊൽക്കത്ത അനുഭവിക്കുന്നുണ്ട്. നിർണായകമായ ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ റസൽ ശാരീരികക്ഷമത വീണ്ടെടുത്താല്‍ ആരെ ഒഴിവാക്കും എന്നുള്ളതാണ് കൊല്‍ക്കത്തയുടെ തലവേദന. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസ്സന്‍ സ്പിന്‍ ത്രയത്തിന്റെ കെണിയില്‍ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.പേസിൽ വൈവിധ്യമാണ് ചെന്നൈയുടെ കരുത്തെങ്കിൽ ലോക്കി ഫെര്‍ഗ്യൂസന്റെ (Lockie Ferguson) അതിവേഗ പന്തുകളിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.
advertisement
Also read- IPL 2021| 'ക്യാപ്റ്റൻ' മോർഗൻ ഉഷാർ; 'ബാറ്റർ' മോർഗൻ അത്ര പോര; ഫൈനലിൽ ക്ലിക്കാകുമോ കൊൽക്കത്ത ക്യാപ്റ്റൻ
ദുബായിലെ വിജയശതമാനത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഐപിഎല്ലിൽ ഇതുവരെ 25 മത്സരങ്ങളിലാണ് ഇരുവരും നേർക്കുനേർ എത്തിയത്. ഇതിൽ 16 എണ്ണത്തിൽ ജയം നേടിയ ചെന്നൈയാണ് നേർക്കുനേർ കണക്കിൽ മുന്നിൽ നിൽക്കുന്നത്. എട്ട് മത്സരങ്ങളിലാണ് കൊൽക്കത്തയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. ഇരുവരും നേർക്കുനേർ വന്ന അവസാന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.
Location :
First Published :
October 15, 2021 4:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 Final| സൂപ്പർ ക്യാപ്റ്റന്മാർ നേർക്കുനേർ; കലാശപ്പോര് ആവേശമാക്കാൻ ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും