ജേഴ്സി സ്പോൺസർഷിപ്പ് മൂല്യം ഉയരാൻ സാധ്യത
ജേഴ്സി സ്പോൺസർഷിപ്പുകളുടെ മൂല്യത്തിൽ കഴിഞ്ഞ വർഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം, ഒരു മുൻനിര ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്യുന്നതിനുള്ള ചെലവ് കോവിഡിന് മുമ്പുള്ള കാലയളവിലെ 2-3 കോടിയിൽ നിന്ന് ഒരു കോടി രൂപയായി കുറഞ്ഞു. എന്നാൽ, ഈ വർഷം, ജേഴ്സി സ്പോൺസർഷിപ്പുകൾ കൊവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് തിരിച്ചുവരുമെന്ന് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ഏജൻസിയായ മൊഗേ മീഡിയ ചെയർമാൻ സന്ദീപ് ഗോയൽ പറയുന്നു.
രണ്ട് കാരണങ്ങളാണ് ഇതിന് വ്യക്തത നൽകുന്നത്. അതായത് ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യ (ബാർക്) യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആളുകൾ ഐപിഎൽ കണ്ട സമയം 23 ശതമാനം വളർച്ച നേടിയിരുന്നു. അതിനാൽ, പരസ്യം നൽകുന്നവർക്ക് കൂടുതൽ വ്യൂവർഷിപ്പ് ലഭിക്കുമെന്ന് മനസ്സിലായി. കൂടാതെ 400 ബില്യൺ വ്യൂവിംഗ് മിനിറ്റ് കടക്കുന്ന ആദ്യ സ്പോർട്സ് ടൂർണമെന്റായി ഐപിഎൽ 2020 മാറിയെന്നും ബാർക്ക് ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
Also Read ഐപിഎൽ ടീമുകൾക്ക് ഹോം ഗ്രൗണ്ടിൽ മത്സരങ്ങളില്ലാത്തത് വിചിത്രം; പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റ
വാക്സിനേഷൻ ആരംഭിച്ചതും രാജ്യം ഉപഭോഗത്തിൽ ശക്തമായ വീണ്ടെടുക്കൽ നടത്തിയതും പരസ്യദാതാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതാണ് രണ്ടാമത്തെ കാരണം. ഈ മാസം ആദ്യം മുംബൈ ഇന്ത്യൻസിനെ ഡിഎച്ച്എൽ എക്സ്പ്രസ് സ്പോൺസർ ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) മാർച്ച് എട്ടിന് മിന്ത്രയെ ഔദ്യോഗിക ഫാഷൻ പങ്കാളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വർഷം മിന്ത്രയുടെ ലോഗോ സിഎസ്‌കെ ജേഴ്സിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഗേറ്റ് വരുമാനം
ഇത്തവണയും ഐപിഎല്ലിന് ടിക്കറ്റ് വരുമാനമില്ല, എന്നാൽ സോഷ്യൽ മീഡിയയിലുടനീളം ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കാനാണ് മിന്ത്ര ഒരുങ്ങുന്നത്. മിന്ത്രയെപ്പോലെ, പല ബ്രാൻഡുകളും ഫ്രാഞ്ചൈസികളുമായി പങ്കാളിത്തത്തോടെ ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ഡിജിറ്റൽ ഡീലുകൾ സ്പോൺസർഷിപ്പ് വരുമാനത്തിന്റെ കാര്യത്തിൽ മികച്ച വരുമാനം നേടാൻ ഐപിഎൽ ടീമുകളെ സഹായിക്കും. ജേഴ്സി സ്പോൺസർഷിപ്പുകളും ഡിജിറ്റൽ ഡീലുകളും ശക്തമാകുമ്പോഴും ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം നഷ്ടപ്പെട്ടേക്കും. ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയിലൂടെ ടീമുകൾക്ക് ലഭിക്കുന്ന 400 കോടി രൂപയുടെ ഗേറ്റ് വരുമാനമാകും നഷ്ടമാകുക. എന്നാൽ ടിക്കറ്റ് ഉൾപ്പെടെയുള്ള സ്റ്റേഡിയത്തിലെ വരുമാനം മൊത്തത്തിലുള്ള വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് ഇൻസൈറ്റ് ഏജൻസിയായ ടിആർഎയുടെ സിഇഒ എൻ ചന്ദ്രമൌലി പറഞ്ഞു.
ടിവി പരസ്യങ്ങൾ
ഐപിഎല്ലിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ ഇന്ത്യ ടിവിയുടെ കഴിഞ്ഞ വർഷത്തെ പരസ്യ വരുമാനം 2,600 കോടി രൂപയാണ്. ഗേറ്റ് വരുമാനം മൊത്തത്തിലുള്ള ഐപിഎൽ വരുമാനത്തിൽ വലിയ സംഭാവന നൽകുന്നില്ല. അതുപൊലെ തന്നെ ടിക്കറ്റ് വിൽപ്പന ലീഗിന്റെ ബ്രാൻഡ് മൂല്യത്തെയും ബാധിക്കില്ല. എന്നാൽ കാണികൾ ഐപിഎല്ലിന്റെ നിറവും ആവേശവും കൂട്ടുന്ന ഘടകം തന്നെയാണ്.
