ബാറ്റിങ്ങിലെ ആ പഴയ വമ്പനടിക്കാരൻ ധോണിയെ കാണാനില്ലെന്നും ക്യാപ്റ്റനെന്ന പേരിൽ മാത്രമാണ് ധോണി ടീമിൽ തുടരുന്നതെന്നുമുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നായി ഉയർന്നിരുന്നു. എന്നാൽ അഞ്ചര മാസങ്ങൾക്ക് ശേഷം മറ്റൊരു ഐപിഎൽ സീസണ് തുടക്കമായപ്പോൾ ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി തന്റെ ബാറ്റ് കൊണ്ട് കൊടുത്തിരിക്കുകയാണ് ധോണി.തന്നിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്നും ഒരുപാട് ഇന്നിങ്‌സുകൾ ഇനിയും തന്റെ ബാറ്റിൽ നിന്നും പിറക്കാനിരിക്കുന്നുണ്ടെന്നുമുള്ള സൂചനായാണ് ധോണി നൽകിയത്.
ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ രക്ഷനാകുകയായിരുന്നു ധോണി. പ്രതിസന്ധി ഘട്ടത്തിലായിരുന്ന ടീമിനെ വളരെ മികച്ച ഒരു ഇന്നിംഗ്സ് കളിച്ചുകൊണ്ട് മാന്യമായ സ്കോറിലേക്ക് നയിക്കുകയാണ് ധോണി ചെയ്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന ദയനീയ നിലയിലായിരുന്ന ചെന്നൈയെ തന്റെ അർധസെഞ്ചുറി പ്രകടനത്തിലൂടെ ധോണി രക്ഷിച്ചെടുക്കുകയായിരുന്നു. പുതിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമൊത്ത് ആറാം വിക്കറ്റിൽ 70 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ധോണി ചെന്നൈയെ 131 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു.
Also read- IPL 2022 | 'തല'യുടെ വിളയാട്ടം പാഴായി; ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത
ആദ്യത്തെ 10 പന്തുകളിൽ നിന്ന് കേവലം രണ്ട് റൺസ് മാത്രം നേടിയ ധോണി പക്ഷെ പിന്നീട് കത്തിക്കയറുകയായിരുന്നു. 17 ഓവറുകൾ തീരുമ്പോൾ കേവലം 84 റൺസ് മാത്രം നേടിയിരുന്ന ചെന്നൈ അവസാന മൂന്ന് ഓവറുകളിൽ നിന്നും 47 റൺസാണ് നേടിയത്. ഇതിൽ അവസാനം നേരിട്ട എട്ട് പന്തുകളിൽ നിന്നും 24 റൺസ് നേടിയ ധോണി തന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചു. 38 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 50 റൺസ് നേടിയ ധോണി ഐപിഎല്ലില്ലിലെ തന്റെ 24-ാ൦ അർധസെഞ്ചുറി നേട്ടം കൂടി സ്വന്തമാക്കി.
Also read-IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ
2019 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുറത്താകാതെ 84 റൺസ് അടിച്ച ശേഷം താരം നേടുന്ന ആദ്യത്തെ അർധസെഞ്ചുറി പ്രകടനമായിരുന്നു ഇത്. മൂന്ന് വർഷത്തിനിടെ ധോണിയുടെ ആദ്യത്തെ അർധസെഞ്ചുറി നേട്ടം ആരാധകരും ആഘോഷമാക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലായിരുന്ന ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ച ധോണിയുടെ പ്രകടനത്തെ വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പടെയുള്ളവരും രംഗത്തെത്തി.
അതേസമയം, ധോണി അർധസെഞ്ചുറി നേടിയ തിളങ്ങിയ മത്സരത്തിൽ പക്ഷെ ചെന്നൈ സൂപ്പർ കിങ്സിന് ജയം നേടാൻ കഴിഞ്ഞില്ല. ചെന്നൈ ഉയർത്തിയ 132 എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്ത, 8.3 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 34 പന്തിൽ 44 റൺസ് എടുത്ത അജിങ്ക്യ രഹാനെയാണ് (Ajnkya Rahane) കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്. സാം ബില്ലിങ്‌സ് (22 പന്തിൽ 25), നിതീഷ് റാണ (17 പന്തിൽ 21) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

