പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ മേൽക്കൈ ആർക്കായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമായിരുന്ന മുൻ കിവീസ് താരം ഡാനിയൽ വെട്ടോറി (Daniel Vettori). രാജസ്ഥനാകും മത്സരത്തിൽ മേൽക്കൈ എന്നാണ് വെട്ടോറി പറയുന്നത്. ഗുജറാത്ത് കരുത്തരാണെങ്കിലും രവിചന്ദ്രൻ അശ്വിൻ - യുസ്‌വേന്ദ്ര ചാഹൽ സ്പിൻ സഖ്യത്തിന്റെ സാന്നിധ്യമാണ് രാജസ്ഥാന് മേൽക്കൈ നൽകുന്നതെന്നാണ് വെട്ടോറി സാക്ഷ്യപ്പെടുത്തുന്നത്. ഗുജറാത്ത്– രാജസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു വെട്ടോറിയുടെ പ്രതികരണം.
advertisement
‘സന്തുലിതമായ ബൗളിംഗ് നിരയാണ് ഇരു ടീമുകൾക്കുമുള്ളത്. അശ്വിൻ – ചാഹൽ സ്പിൻ സഖ്യത്തിന്റെ ബൗളിംഗ് എനിക്ക് ഏറെ ഇഷ്ടമാണ്. മധ്യ ഓവറുകളിൽ മികച്ച പ്രകടനം തന്നെ നടത്താൻ ഈ സഖ്യത്തിന് കഴിഞ്ഞേക്കും. ഇരുവരുടെയും സാന്നിധ്യവും കൂടാതെ ട്രെന്റ് ബോൾട്ട് ടീമിൽ ഉള്ളതുകൊണ്ടും രാജസ്ഥാന് നേരിയ മേൽക്കൈ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെ പറയുമ്പോൾ ഗുജറാത്തിന്റെ ബൗളിങ്ങിനെ വിലകുറച്ച് കാണുന്നുമില്ല. ഹെറ്റ്മയർ കൂടി തിരിച്ചെത്തിയതോടെ കരുത്തുറ്റ നിരയെ തന്നെയാകും രാജസ്ഥാൻ അണിനിരത്തുക. ഗുജറാത്ത് നിരയിൽ ലോക്കി ഫെർഗൂസന്‍ ഉണ്ടാകുമെന്നാണു കരുതുന്നത്’ – വെട്ടോറി പറഞ്ഞു.
വെട്ടോറി പറയുന്നത് പോലെ അശ്വിൻ-ചാഹൽ സഖ്യം സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. 14 മത്സരങ്ങളിൽ നിന്നായി 7.67 എന്ന ഇക്കോണമി നിരക്കിൽ 26 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹൽ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ 7.14 ഇക്കോണമി നിരക്കിൽ 11 വിക്കറ്റാണ് അശ്വിൻ നേടിയിട്ടുള്ളത്.
ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിൽ കൂടി താൻ ടീമിന് മുതൽക്കൂട്ടാണെന്ന് അശ്വിൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ അഞ്ച് വിക്കറ്റിന് ജയിച്ച് കയറിയപ്പോൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് അശ്വിൻ ആയിരുന്നു. ഈ മത്സരത്തിലെ ജയത്തോടെയാണ് പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനവും അതുവഴി ഒന്നാം ക്വാളിഫയർ ബെർത്തും രാജസ്ഥാൻ ഉറപ്പിച്ചത്.
അവസാന ലീഗ് മത്സരം രാജസ്ഥാൻ ജയിച്ച് കയറിയപ്പോൾ അവസാന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഗുജറാത്ത് ടൈറ്റൻസ് 8 വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. നേരത്തെ പ്ലേഓഫ് ഉറപ്പിച്ചിരുന്നതിനാൽ അവർക്ക് ഈ മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.
ഇന്ന് ഇരുടീമുകളും നേർക്കുനേർ എത്തുമ്പോൾ തമ്മിലുള്ള മത്സര കണക്കിൽ മുൻതൂക്കം ഗുജറാത്തിനാണ്. സീസണിൽ ആദ്യം ഇരുവരും നേർക്കുനേർ വന്ന മത്സരത്തിൽ ജയം ഗുജറാത്തിനൊപ്പമായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും (87), ഡേവിഡ് മില്ലറുടെയും (14 പന്തിൽ 31) തകർപ്പൻ പ്രകടങ്ങളുടെ ബലത്തിൽ 192 റൺസ് പടുത്തുയർത്തിയ ഗുജറാത്തിനെതിരെ മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 155 ൽ ഒതുങ്ങുകയായിരുന്നു. 37 റൺസിന്റെ ജയമാണ് ഗുജറാത്ത് അന്ന് സ്വന്തമാക്കിയത്. ഇതേ ആധിപത്യം തുടരാനാകും ഗുജറാത്ത് ലക്ഷ്യമിടുന്നതെങ്കിൽ തോൽവിക്ക് കണക്ക് വീട്ടാനാകും രാജസ്ഥാന്റെ ലക്ഷ്യം.