27 പന്തിൽ 48 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ വിജയത്തിന് അടുത്ത് വരെ എത്തിച്ചത്. അവസാന ഓവറിൽ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ഹർഷൽ പട്ടേൽ (4*) ടീമിനെ വിജയത്തിലെത്തിച്ചു.
ബോളിങ്ങിൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബുംറയും അരങ്ങേറ്റക്കാരൻ മാർക്കോ ജാൻസനും മുംബൈക്കായി തിളങ്ങി.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 159/9. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 160/8. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വാഷിങ്ടൺ സുന്ദറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. സ്കോർ 36-ൽ നിൽക്കെ പത്ത് റൺസെടുത്ത സുന്ദറിനെ ക്രുണാൽ പാണ്ഡ്യ മടക്കി. അരങ്ങേറ്റ മത്സരം കളിച്ച രജത് പാട്ടീധറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.
advertisement
മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന കോഹ്‌ലി - ഗ്ലെൻ മാക്സ്വെൽ സഖ്യം ആർസിബി സ്കോർ ബോർഡിൽ റൺസ് ഉയർത്തി. ആർസിബി അനായാസം വിജയം സ്വന്തമാക്കും എന്ന് തോന്നിച്ച ഘട്ടത്തിൽ 29 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസെടുത്ത കോലിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 28 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറടക്കം 39 റൺസെടുത്ത മാക്സ്വെല്ലിനെ മാർക്കോ ജാൻസൻ പുറത്താക്കി. തുടർന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ കടന്നാക്രമണം. ഷഹബാസ് അഹമ്മദ് (1), ഡാനിയൽ ക്രിസ്റ്റ്യൻ (1), കൈൽ ജയ്മിസൺ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. നാല് ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തകർത്തത്.
മുംബൈക്കായി ഓപ്പൺ ചെയ്ത ക്രിസ് ലിന്നും രോഹിത് ശർമയും ചേർന്ന് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ച ഇരുവരും ശ്രദ്ധയോടെയാണ് ബാംഗ്ലൂർ ബോളർമാരെ നേരിട്ടത്. പതിയെ സ്കോർ ഉയർത്തുന്നതിനിടയിൽ മുംബൈയുടെ സ്കോർ 24-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇഷാൻ കിഷൻ 19 പന്തുകൾ നേരിട്ട് 28 റൺസെടുത്തു. ഹർദിക് പാണ്ഡ്യയ്ക്ക് 13 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കിറോൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറിൽ ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്നിങ്സിന്റെ നടുവൊടിച്ചത് ഹർഷൽ പട്ടേലിന്റെ ബൗളിംഗ് ആയിരുന്നു.
ഈ മത്സരത്തിലും തോറ്റ മുംബൈ 2013നു ശേഷം ഐപിഎല്ലിലെ ഉദ്ഘാടന മത്സരങ്ങളിൽ നിന്നും ഒമ്പതാമത്തെ മത്സരമാണ് ഇന്ന് തോറ്റത്. ചെപ്പോക്കിൽ 2012 മുതൽ മുംബൈ തോറ്റിട്ടില്ല എന്ന റെക്കോർഡും കോഹ്‌ലിയും സംഘവും തിരുത്തി. ചെന്നൈയിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും മുംബൈയുടെ ആദ്യത്തെ തോൽവിയും ബാംഗ്ലൂരിൻ്റെ ആദ്യത്തെ വിജയവുമായി ഈ മത്സരഫലം
