പതിനെട്ടുകാരൻ യശശ്വി ജെയ്സ്വാളിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഉത്തപ്പ കാണുന്നത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ 154 പന്തിൽ 203 റൺസ് നേടിയതോടെയാണ് ജയ്സ്വാളിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം എ ലിസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിൽ ജയ്സ്വാളിനെ എത്തിച്ചു. 2020 അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി ജയ്സ്വാൾ. ആറ് മത്സരങ്ങളിൽ നിന്നായി 400 റൺസാണ് ഈ ബാറ്റ്സ്മാൻ അടിച്ചു കൂട്ടിയത്.
ഇതോടെ ഐപിഎല്ലിലേക്കും ജയ്സ്വാളിന് വഴി തുറന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി ആദ്യ ഐപിഎല്ലിന് ഒരുങ്ങുകയാണ് ജയ്സ്വാൾ. ജയ്സ്വാളിന്റെ പ്രകടനം വിലയിരുത്തിയാണ് ഉത്തപ്പയുടെ പ്രവചനം.
ഇന്ത്യൻ ക്രിക്കറ്റിൽ നിർണായ സ്വാധീനമാകാൻ പോകുന്ന താരമാണ് ഈ പതിനെട്ടുകാരനെന്ന് ഉത്തപ്പ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ കൗമാരക്കാരന് ഐപിഎൽ കൂടുതൽ അറിവും അനുഭവവും നൽകുമെന്ന് ഉത്തപ്പ പ്രതീക്ഷിക്കുന്നു.
