2026 ജനുവരിയിലായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെങ്കിലും ഇബ്രാഹിം ചികിത്സ നൽകാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ വീട്ടിലെത്തുമ്പോൾ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ബന്ധുക്കൾ ബലം പ്രയോഗിച്ചാണ് യുവതിയെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മുഹ്സിന മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ മുഹ്സിനയുടെ ശരീരം വ്രണങ്ങൾ വന്ന് പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ആദ്യത്തെ ആറ് പ്രസവങ്ങളും ആശുപത്രിയിലാണ് നടന്നതെങ്കിലും ഏഴാമത്തെ പ്രസവം ഇബ്രാഹിം വീട്ടിൽ വെച്ച് തന്നെ നടത്തുകയായിരുന്നു. ആ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ആറ് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു.
advertisement
അതേസമയം, പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ നൽകിയിരിക്കുകയാണ് അധികൃതർ. നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദ്ദേശം നൽകിയത്. കുഞ്ഞിൻറെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.
മരിച്ച നവജാത ശിശു അടക്കം ദമ്പതികൾക്ക് ആകെ ഏഴ് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 2 കുഞ്ഞുങ്ങൾ മരണപ്പെട്ടു. മുൻപ് മരിച്ച മൂന്ന് വയസ്സുള്ള കുട്ടിക്ക് കൃത്യമായ ചികിത്സ നൽകാത്തതാണ് മരണകാരണമെന്ന് ബന്ധുവായ യുവാവ് ആരോപിച്ചു. യുവതിയുടെ കുടുംബവുമായി ഇബ്രാഹിം അടുപ്പം പുലർത്തിയിരുന്നില്ലെന്നും ആധുനിക ചികിത്സകളോട് ഇയാൾക്ക് കടുത്ത വിരോധമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
