20 കോടി രൂപയുടെ പദ്ധതിക്ക് നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യൂണിടാക് കമ്പനി മുതലാളി എൻഫോഴ്സ്മെന്റിന് മൊഴി കൊടുത്തിട്ടുണ്ട്. തൊട്ടടുത്ത ദിവസം ധനകാര്യമന്ത്രി പറയുന്നു നാലരക്കോടി കൈക്കൂലി കൊടുത്തത് നനിക്ക് അറിയാമായിരുന്നെന്ന്. ഈ തുക മാത്രമല്ല കൈക്കൂലിയായി പോയിരിക്കുന്നത്. ഇതു മാത്രമല്ല അഞ്ച് കോടി രൂപ കൂടി കൈക്കൂലിയായി പോയിട്ടുണ്ട്. ആ അഞ്ച് കോടി രൂപ എവിടെയാണ്. പത്തുകോടിയിൽ താഴെ മാത്രമാണ് നിർമ്മാണച്ചെലവ്. അന്വേഷിക്കാൻ തയ്യാറാണോ എന്ന് സർക്കാരിനെ വെല്ലുവിളിക്കുന്നു. ഒമ്പതരക്കോടി രൂപയാണ് കൈക്കൂലി കൊടുത്തിരിക്കുന്നത്. 46 ശതമാനം കമ്മീഷൻ ഒരു പ്രോജക്ടിൽ കൈക്കൂലിയായി കൊടുക്കുന്നത് ഇന്ത്യയിലെ തന്നെ റെക്കോഡാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
advertisement
തിരുവനന്തപുരം വിമാനത്താവളത്തിന് ക്വാട്ട് ചെയ്യാൻ ഉദ്ദേശിച്ച ടെണ്ടർ തുക സർക്കാർ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിനു വേണ്ടി ഒന്നല്ല, രണ്ട് കൺസൾട്ടൻസിയെ ഏൽപ്പിച്ചു. അദാനിയുമായി മത്സരിക്കുമ്പോൾ അദാനിയിടെ അമ്മായിഅച്ഛനെ തന്നെ ആദ്യത്തെ കൺസൾട്ടൻസി ആക്കണമായിരുന്നോ. ഇവിടെ ശരിക്കും എന്താണ് സംഭവിച്ചത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. അദാനി ഗ്രൂപ്പും നമ്മളും ക്വോട്ട് ചെയ്ത ടെണ്ടർ തുക തമ്മിൽ 19 ശതമാനത്തിന്റെ വ്യത്യാസമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നമുക്ക് ടെണ്ടർ കിട്ടാതെ പോയതെന്നുമാണ് പറയുന്നത്.
കേരളത്തിലേക്ക് ഒരു മൂന്നാം കിട കള്ളക്കടത്ത് സംഘമെത്തുന്നു. അവർക്കൊരു ബ്ലൂ പ്രിന്റുണ്ട്. അവർക്കിവിടെ സ്വാധീനം ഉണ്ടാക്കാൻ കേരളത്തിലെ ഏറ്റവും പ്രബലമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലനായ ശിവശങ്കറിനെ അവർ വലയിലാക്കി. സർക്കാരിൽ സ്വാധീനമുണ്ടാക്കാൻ ഐ.ടി വകുപ്പിൽ ജോലിക്ക് കയറി. രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ മുടക്കി ഒരാളെ ജോലിക്ക് എടുത്തത് അറിഞ്ഞില്ലെന്നു പറഞ്ഞാൽ ഞങ്ങൾ അത് വിശ്വസിക്കണമോയെന്നും വി.ഡി സതീശൻ ചോദിച്ചു.