നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതില്‍ 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂരിലും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ അന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഏറെ ചർച്ചകൾക്ക് ശേഷമാണ് അബ്ദുറഹിമാൻ രണ്ടത്താണിയെ പുനലൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പുനലൂരിൽ ജയിക്കും എന്ന ഉറച്ച പ്രതീക്ഷ ഉണ്ടെന്ന് യു ഡിഎ ഫ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണി ന്യൂസ് 18നോട് പ്രതികരിച്ചു.
ഇതിനിടെ തിരൂരങ്ങാടി സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിന്ന പി എം എ സലാമിനെ മുസ്ലി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി എ മജീദിന് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശനിയാഴ്ച തിരൂരങ്ങാടിയിൽ നിന്നുള്ളവര്‍ പാണക്കാട് എത്തി നേതാക്കളെ കാണുകയും പി എം എ സലാമിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ വിവാദമായതോടെയാണ് നേതൃത്വം ഇടപെട്ട് പ്രശ്‌നപരിഹാര നീക്കങ്ങള്‍ ആരംഭിച്ചത്.
advertisement
Also Read- നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷ് യോഗ്യയെന്ന് ഉമ്മൻ ചാണ്ടി
വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയ പി എം എ സലാം ന്യൂസ് 18നോട് പറഞ്ഞു. തിരൂരങ്ങാടിയിൽ തന്നെ സ്ഥാനാർഥി ആക്കുമെന്ന് മാധ്യമങ്ങൾ പറഞ്ഞ് കേട്ടത് മാത്രം ആണ്. എന്നോടൊപ്പം ആളുകൾ ഉള്ളത് ഞാൻ ലീഗിൽ ആയത് കൊണ്ടാണ്. അവിടെ ഉയർന്ന അഭിപ്രായ പ്രകടനങ്ങൾ ഒന്നും പ്രതിസന്ധി ഇല്ല. 30,000 ലേരെ വോട്ടുകളുടെ ഭൂരിപക്ഷം ലീഗിന് തിരൂരങ്ങാടിയിൽ ഉണ്ട്. ഇത്തവണ അത് വർധിക്കുകയേ ഉള്ളൂ. എൽ ഡി എഫ് സ്ഥാനാർഥിയെ മാറ്റിയത് കൊണ്ടൊന്നും കാര്യം ഇല്ലെന്നും പി എം എ സലാം പറഞ്ഞു.
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്ത് മുസ്ലിം ലീഗിൽ പ്രതിഷേധം ഉയർന്നിരുന്നു. കെ.പി.എ മജീദിനെ സ്ഥാനാർഥിയാക്കിയതിലാണ് തിരൂരങ്ങാടിയിൽ പ്രതിഷേധമെങ്കിൽ സി.പി ബാവ ഹാജിയെ പരിഗണിക്കാത്തതാണ് വട്ടംകുളത്തെ പ്രശ്നം. തിരൂരങ്ങാടിയിൽ നിന്ന് നൂറിലധികം പ്രവർത്തകരാണ് പ്രതിഷേധം അറിയിക്കാൻ പാണക്കാട് എത്തിയത്. പി.എം.എ സലാമിന് പകരം കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
Also Read- സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും നേരിൽക്കണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. എന്നാൽ സ്ഥാനാർഥിയെ മാറ്റാനാകിലെന്ന് നേതൃത്വവും വ്യക്തമാക്കിയതോടെ മജീദിനു വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രവർത്തകർ തുറന്ന് പറഞ്ഞു.
അതേസമയം അഭിപ്രായ പ്രകടനം സ്വാഭാവികമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത് പ്രതിസന്ധി ഉണ്ടാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കുന്നതാണ് മുസ്ലിം ലീഗിന്റെ കീഴ്വഴക്കം. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അത് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ അബ്ദുറബ്ബിന് പകരമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തിരൂരങ്ങാടി മൽസരിക്കുന്നത്. തിരൂരങ്ങാടിയിലെ ലീഗ് പ്രതിഷേധം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാകുമോ എന്ന ആലോചനയിലാണ് ഇടതുപക്ഷം. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി ബാവ ഹാജിക്ക് സീറ്റ് നൽകാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ എടപ്പാൾ വട്ടംകുളത്ത് മാണൂരിൽ ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.