വീണ്ടും എ കെ ശശീന്ദ്രൻ ഇടതുമുന്നണിയെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഹണിട്രാപ്പിൽ കുടുങ്ങിയാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇത്തവണയും ഫോൺ കെണിയാണ് ശശീന്ദ്രനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ തവണ വിവാദ വാർത്ത പുറത്തു വന്ന് മണിക്കൂറുകൾക്കകം മുഖ്യമന്ത്രി ശശീന്ദ്രൻ്റെ രാജി വാങ്ങി. ഇപ്പോഴത്തെ വിവാദത്തിൽ അത്രയും കടുത്ത നടപടി പ്രതീക്ഷിക്കപ്പെടുന്നില്ല.
advertisement
പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം ഒത്തു തീർക്കാൻ ശ്രമിച്ചതല്ലാതെ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ശശീന്ദ്രൻ വിശദീകരിച്ചു. ശശീന്ദ്രൻ്റെ വിശദീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൃപ്തനാണോയെന്ന കാര്യം നിർണായകമാകും. പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ യോടും ഇതു തന്നെ പറഞ്ഞു. ശശീന്ദ്രൻ്റെ ഭാഗത്തു വീഴ്ചയില്ലെന്നു തന്നെയാണ് പാർട്ടി നേതൃത്വത്തിൻ്റെയും വിലയിരുത്തൽ. ശശീന്ദ്രനെ കുടുക്കാൻ ബോധപൂർവ ശ്രമം നടന്നതായും നേതൃത്വം കരുതുന്നു. എങ്കിലും വിവാദത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം.
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ് ജോർജിനാണ് അന്വേഷണ ചുമതല. മാത്യൂസ് ജോർജ് ബുധനാഴ്ച കൊല്ലത്തെത്തി പരാതിക്കാരിൽ നിന്ന് തെളിവെടുക്കും. ജില്ലാ നേതൃത്വവുമായും ചർച്ച നടത്തും. നാളെത്തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജന് കൈമാറാനാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നൽകിയിരിക്കുന്ന നിർദ്ദേശം. പരാതിയുടെ ആധികാരികതയിലും എൻസിപിക്ക് സംശയം ഉണ്ട് . വ്യക്തി വൈരാഗ്യം തീർക്കാൻ പീഡന ആരോപണം ഉന്നയിച്ചെന്നാണ് നേതാക്കൾ സംശയിക്കുന്നത്. എങ്കിലും പോലീസ് അന്വേഷണവും പരാതിയുമായി മുന്നോട്ടു പോകട്ടെ എന്നും പാർട്ടി നിലപാടെടുക്കുന്നു.
അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന് നേതാക്കൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുമുണ്ട്. മന്ത്രിയെന്ന നിലയിൽ ശശീന്ദ്രന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിക്കഴിഞ്ഞു എന്നും എൻസിപി നേതൃത്വം വിശദീകരിക്കുന്നു. അതിനാൽ അത്തരം കാര്യങ്ങളിൽ പാർട്ടി നേതാക്കളുടെ പരസ്യ പ്രതികരണം ഉണ്ടാകില്ല എന്നാൽ പ്രതിപക്ഷം ശക്തമായി തന്നെ വിഷയം ഏറ്റെടുക്കുന്ന സാഹചര്യം സർക്കാരിന് തലവേദനയാണ്. പ്രത്യേകിച്ചും നിയമസഭാസമ്മേളനം ആരംഭിക്കാനിരിക്കെ. ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്നാൽ കാര്യങ്ങൾ മാറിമറിയാം. കോടതി ഇടപെടലുണ്ടാകുമെന്ന ആശങ്കയും ഇല്ലാതില്ല. അങ്ങനെ വന്നാൽ എൻസിപിക്കും മുഖ്യമന്ത്രിക്കും ശശീന്ദ്രനെ സംരക്ഷിക്കുക അത്ര എളുപ്പമാകില്ല.