'എന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം ആക്കേണ്ട കാര്യമില്ല. നേതൃത്വത്തെ കുറ്റപ്പെടുത്തി ഒന്നും തന്നെ പറഞ്ഞിട്ടില്ല. പദവികൾക്ക് വേണ്ടി കോൺഗ്രസ് മൂല്യങ്ങൾ ആർക്ക് മുമ്പിലും പണയം വെക്കില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. കോൺഗ്രസിന് ഒരു പൈതൃകം ഉണ്ട്. മറ്റ് എന്തിനേക്കാളും പ്രധാനം അതാണ്. ഒരു പദവിയും കണ്ടല്ല ഞാൻ പ്രവർത്തിക്കുന്നത്.' - ഷൗക്കത്ത് പറയുന്നു.
'ആരെയും കുറ്റപ്പെടുത്താൻ ഞാൻ ഇല്ല. ബാക്കി കാര്യങ്ങൾ ആർക്കും എങ്ങനെയും വായിച്ചെടുക്കാം.'
Covid 19 | സംസ്ഥാനത്ത് 8126 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34
advertisement
ആര്യാടൻ ഷൗക്കത്തിന് തെരഞ്ഞെടുപ്പ് സമയത്ത് ഡി സി സി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തെ മാറ്റി വി വി പ്രകാശിന് തന്നെ ഡി സി സി അധ്യക്ഷ സ്ഥാനം തിരികെ നൽകി. ഇതേക്കുറിച്ച് ഉള്ള ചോദ്യത്തിന് ഷൗക്കത്ത് ഇങ്ങനെ പറഞ്ഞു, 'എന്നോട് എന്താണ് നേതൃത്വം പറഞ്ഞത് എന്ന് എനിക്കും നേതൃത്വത്തിനും നന്നായി അറിയാം. അക്കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ ഇപ്പോൾ തയ്യാറല്ല. ഇത്ര വേഗത്തിൽ ചുമതലയിൽ നിന്നും മാറ്റുമെന്ന് കരുതിയില്ല. എന്തായാലും നേതൃത്വം ഉചിതമായ തീരുമാനം എടുക്കും എന്ന് തന്നെ ആണ് കരുതുന്നത്'.
ആരെങ്കിലും പിന്നിൽ നിന്ന് കുത്തിയോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, 'പിന്നിൽ നിന്ന് കുത്തിയോ എന്ന് എല്ലാവർക്കും അറിയാം, 2016 ലെ തോൽവി അബദ്ധം ആയിരുന്നില്ല. എന്തായാലും ആരെയും കുറ്റപ്പെടുത്താൻ ഇല്ല.'
'പദവികൾക്കു വേണ്ടി മതേതര മൂല്യങ്ങൾ പണയം വെച്ച് മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്ക് മുൻപിൽ മുട്ടിലിഴയുന്നവർ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയകുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുമ്പിലും കീഴ്പ്പെടാനില്ല' - ഷൗക്കത്തിന്റെ ഫേസ്ബുക് പോസ്റ്റിലെ ഈ വരികൾ ചൂണ്ടി കാണിച്ച് ആയിരുന്നു പിവി അൻവറിന്റെ വോട്ട് ധാരണ ആരോപണം. ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ട് ധാരണ ഉണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഷൗക്കത്തിന്റെ പോസ്റ്റ് എന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ അൻവറിന്റെ വാക്കുകൾക്ക് മറുപടി ഇല്ലെന്ന് ആയിരുന്നു ഷൗക്കത്തിന്റെ വിശദീകരണം.
'ബി ജെ പി കോൺഗ്രസ് വോട്ട് ധാരണ പി വി അൻവറിന്റെ ആരോപണം മാത്രമാണ്. പരാജയ ഭീതി കൊണ്ട് ആകാം അൻവർ അങ്ങനെ പറഞ്ഞത്. നിലമ്പൂരിൽ വി വി പ്രകാശ് 8000 വോട്ടിന് എങ്കിലും ജയിക്കും. കോൺഗ്രസ് ഇത്തവണ ഒറ്റക്കെട്ടായി ആണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു വീഴ്ചയും എവിടെയും ഉണ്ടായിട്ടില്ല.'
നേതൃത്വത്തെയും വ്യക്തികളെയും പേരെടുത്ത് കുറ്റപ്പെടുത്താതെ ഉള്ള വിമർശനങ്ങളിലൂടെ ഷൗക്കത്ത് തന്റെ അവകാശവാദം പാർട്ടി നേതൃത്വത്തെ അറിയിക്കുകയാണ്. വാക്കുകൾക്കും വരികൾക്കും ഇടയിലൂടെ പറയാനുള്ളത് ഷൗക്കത്ത് കൃത്യമായി പറയുമ്പോൾ തെളിയുന്നത് ഇതാണ്. മലപ്പുറത്ത് കോൺഗ്രസിനുള്ളിൽ പോരിന്റെ നാളുകൾ വരാനിരിക്കുന്നു.