വോട്ടെടുപ്പിന്റെ ഭാഗമായുള്ള മോക് പോളിങ് ആരംഭിച്ചിട്ടുണ്ട്.. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണു മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്യും. ഇതിനു ശേഷം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
വോട്ടെടുപ്പ് സമാധാനപരമായി തന്നെ പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരണം ഉണ്ടാകും. കേന്ദ്രസേനയുടെ സഹായവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ആൾമാറാട്ടം, ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയൽ എന്നിവയ്ക്കായി പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്.
advertisement
കോവിഡ് പശ്ചാത്തലത്തിൽ കർശന പ്രതിരോധ നിയന്ത്രണങ്ങളും പോളിംഗ് ബൂത്തിൽ നടപ്പാക്കും. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു.
ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക് തയ്യാറാകണം. തുടർന്ന് വിരലില്‍ മഷി പുരട്ടി സ്ലിപ്പ് നല്‍കും അതിന് ശേഷം സ്ലിപ്പ് സ്വീകരിച്ച് വിരല്‍ പരിശോധിക്കും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മിഷീനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്തിന് മുന്നിലെ താപനില പരിശോധനയില്‍ ഉയര്‍ന്ന താപനില ഉണ്ടെങ്കില്‍ അവര്‍ക്ക് അവസാനമണിക്കൂറില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കു. മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറിലാണ് എത്തേണ്ടത്.
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നാണ് വോട്ടോടെപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.
താഴപ്പറയുന്നവയില്‍ ഒന്ന് വോട്ടർമാർ തിരിച്ചറിയല്‍ രേഖയായി കയ്യിൽ കരുതണം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്
പാസ്‌പോര്‍ട്ട്
ഡ്രൈവിങ് ലൈസന്‍സ്
ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍
ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)
പാന്‍ കാര്‍ഡ്
കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്
എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
