അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.
നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ബിജെപി - യുഡിഎഫ് ധാരണയുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അറിയാമെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം ആര്‍ സി അമല സ്കൂളിൽ ഭാര്യക്കും കുടുംബാംഗങ്ങൾക്കും ഒപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.
advertisement
സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാല് ശതമാനത്തിലേറെ പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും സാമുദായികനേതാക്കളും ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പോളിങ് കളിൽ നീണ്ട നിരയാണുള്ളത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പോളിംഗ് തടസ്സപ്പെടുത്തി.
അതേസമയം, നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടാൻ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയോട് ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

