”ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്.. ഒരു ഉന്നതനായ വ്യക്തി രണ്ടുകോടി മുപ്പത്തിഅഞ്ചുലക്ഷം രൂപാ കൈക്കൂലി വാങ്ങി എന്നതാണ് ആ വാർത്ത. സിപിഎം നേതാക്കളുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ അതിനെപ്പറ്റി ഒരു അടിയന്തര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. ശക്തിധരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയും സർക്കാറിനുണ്ട്. അതിനുള്ള നടപടികൾ എത്രയുംപെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു”- ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു.
advertisement
ഭരണത്തിലെ ഒരു ഉന്നതൻ ഒരിക്കൽ വാങ്ങിയ 2 കോടി 35 ലക്ഷം കൈക്കുലി എണ്ണിത്തിട്ടപ്പെടുത്താൻ
താൻ സഹായിച്ചെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ.
ഈ പണം എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ട് പോയെന്നും അദ്ദേഹം പറയുന്നു. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്.
കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെന്ററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു.
ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്.