വെള്ളിയാഴ്ച രാവിലെയാണ് ഇടത് നേതാക്കളെ ഞെട്ടിച്ചു കൊണ്ട് അമ്പലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർതി സന്ദീപ് വചസ്പതി പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്‍റെ മറുപടിയാണ് പുഷ്പാർച്ചനയെന്നായിരുന്നു സന്ദീപിന്റെ വിശദീകരണം. എന്നാൽ ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎമ്മും, രക്തസാക്ഷിമണ്ഡപത്തിൽ അതിക്രമിച്ച് കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐയും വ്യക്തമാക്കിയിരുന്നു. ബിജെപി സിപിഎം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബാലശങ്കർ പറയുന്ന കാര്യങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്, ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്കുനേരെ നടന്ന അക്രമം ജനാധിപത്യകേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ്കുര്യന്‍ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണത്തിന് പോകുമ്പോഴാണ് അനൂപ് ആന്റണിയെ ഒരു സംഘം സിപിഎമ്മുകാര്‍ ആക്രമിച്ചത്. പരിക്കേറ്റ സ്ഥാനാര്‍ഥി ആശുപത്രിയിലാണ്. ബിജെപിയുടെ പ്രചരണത്തിലും ജനപിന്തുണയിലും വിറളിപിടിച്ച സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നില്‍. അവര്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കരുതെന്ന് ആഗ്രഹിക്കുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വൈര്യമായി പ്രചാരണം നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു.
ബിജെപി സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്ന് എൽഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അപമാനിച്ച ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് എല്‍ഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
സന്ദീപിന്റേത് വാർത്തകളിൽ ഇടം പിടിക്കാനുള്ള വില കുറഞ്ഞ തന്ത്രമെന്ന് ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. സന്ദീപ് വചസ്പതിയുടെ രക്തസാക്ഷി മണ്ഡപത്തിലെ സന്ദർശനം ആസൂത്രിത കലാപത്തിനുള്ള നീക്കമെന്നാണ് സിപിഎം പറയുന്നത്. പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും സംഘർഷം നടക്കുമായിരുന്നുവെന്നും ആർഎസ്എസുകാർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല രക്തസാക്ഷി മണ്ഡപമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു പറഞ്ഞു.
Also Read- പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി
രക്തസാക്ഷികളെ അപമാനിച്ച സംഭവത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ഡിജിപിക്കും എസ്പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൈവശം ഇരിക്കുന്ന ഭൂമിയിൽ പ്രവേശിച്ചത് പൂട്ട് പൊളിച്ച് അതിക്രമിച്ചാണെന്നും ആഞ്ചലോസ്
പറഞ്ഞു.
അതേസമയം, ബിജെപി - സിപിഎം അന്തർധാരയുടെ പ്രതിഫലനമാണ് സന്ദീപ് വചസ്പതിയുടെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാല ശങ്കറിന്റെ ആരോപണം കൂടുതൽ വ്യക്തമാവുകയാണ്. മതേതര വിശ്വാസികൾ ഈ കൂട്ടുകെട്ട് തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതി വലിയചുടുകാട്ടിലെ പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്. ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു പുഷ്പാർച്ചന. കേരളത്തിലെ പട്ടികവിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നില്‍ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നു സന്ദീപ് ആരോപിച്ചു.
വെടിവയ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് വഞ്ചനയിൽ പൊലിഞ്ഞ ആത്മാക്കൾക്ക് ആദരമർപ്പിക്കാനാണ് നാമനിർദേശ പത്രികാ സമർപ്പണത്തിനു മുന്നോടിയായി രക്തസാക്ഷി മണ്ഡപം സന്ദർശിച്ചതെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു.