വിവിധ സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്യുക എന്നതാണ് രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. സാമുദായിക നേതാക്കളുമായി തൃശൂരിലും രാഷ്ട്രീയ നേതാക്കളുമായി തിരുവനന്തപുരത്തുമാണ് കൂടിക്കാഴ്ച. വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ യാഥാസ്ഥിക വിരുദ്ധരായ ചില വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി ചര്‍ച്ച നടത്തിയേക്കും. തൃശൂര്‍ കാസിനോ ഹോട്ടലിലാണ് കൂടിക്കാഴ്ച. എല്ലാവരേയും ക്ഷണിക്കുന്നുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
advertisement
യുഡിഎഫിനൊപ്പം എന്ന് കരുതപ്പെട്ടിരുന്ന ക്രൈസ്തവ സഭാ നേതൃത്വം ആ നിലപാടിൽ മാറ്റം വരുത്തിയത് ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണ് എന്നും അതിനാൽ അവർ തുല്ല്യദുഖിതരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്.എല്‍ഡിഎഫും യുഡിഎഫും മുസ്ലീം തീവ്രവാദ -വര്‍ഗീയ സംഘടനകളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമാണ്. യുഡിഎഫിനൊപ്പം ജമാഅത്തെ ഇസ്ലാമിയാണെങ്കില്‍ എല്‍ഡിഎഫിനൊപ്പമുള്ളത് പോപ്പുലര്‍ ഫ്രണ്ടാണ്. ഭൂരിപക്ഷ സമുദായവും ക്രൈസ്തവ ന്യൂനപക്ഷവും അര്‍ഹതയുള്ളത് പോലും ലഭിക്കാത്ത അവസ്ഥയിലാണ്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ക്ഷേമപദ്ധതികളില്‍ പോലും സംസ്ഥാനത്ത് തങ്ങള്‍ക്ക് നേരെ വിവേചനം ഉണ്ടാകുന്നുവെന്ന് ക്രൈസ്തവ സഭാ നേതൃത്വം പ്രധാനമന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചിരിക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Also Read- 'കേരളത്തിന്റെ വികസനത്തിനായി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നു' അമിത് ഷായുടെ ട്വീറ്റ്
20 ശതമാനത്തോളം വരുന്ന ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ ഗണ്യമായ പങ്ക് ബിജെപിയോട് അടുത്താൽ സംസ്ഥാനത്ത് രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേഗം കൂട്ടുമെന്ന വിലയിരുത്തലാണുള്ളത്. ബിജെപിയോട് അകല്‍ച്ചയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ വ്യക്തമാക്കിയിരുന്നു. ഏത് സമയത്തും ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും തങ്ങള്‍ തയ്യാറാണെന്നും സീറോ മലബാര്‍ സഭ വക്താക്കള്‍ പറഞ്ഞിരുന്നു.ഇത് ബിജെപിക്ക് പ്രതീക്ഷ നൽകുന്നു .
യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വങ്ങളും ബിജെപി അധ്യക്ഷനെ കാണും. സഭാ തര്‍ക്കം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും മിസോറം ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ഈ സഭകള്‍ കാണുന്നത്.
ധീവരസഭ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പിന്നാക്ക സമുദായങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ നിരാശ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഇരു മുന്നണികളും പിന്നാക്ക സമുദായങ്ങളെ അവഗണിച്ചുവെന്ന വികാരം ശക്തമാണ് എന്നും ബിജെപി കരുതുന്നു. വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയിലെല്ലാം മത വിവേചനവും ന്യൂനപക്ഷ പ്രീണനവും നിലനില്‍ക്കുന്നുണ്ട് എന്ന ആരോപണങ്ങളും പിന്നാക്ക വിഭാഗങ്ങളെ ബിജെപിയോടടുപ്പിക്കുന്നതിന് കാരണമാകും എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളേയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മുത്തലാക്ക് നിരോധനമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാരെ, പ്രത്യേകിച്ച് വനിതകളെയും സ്ത്രീപക്ഷ സംഘടനകളേയും, ബിജെപിയോടടുപ്പിച്ചിട്ടുണ്ട് എന്നാണ് പാർട്ടി വിലയിരുത്തൽ.
സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനേക്കുറിച്ചും കൂടുതല്‍ ഘടക കക്ഷികളെ സഹകരിപ്പിക്കുന്നതിനേക്കുറിച്ചുമുള്ള ചര്‍ച്ചകൾ ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. മൂന്നിന് തിരുവനന്തപുരത്തും നാലിന് തൃശൂരിലുമാണ് ബിജെപി അധ്യക്ഷന്റെ പരിപാടികള്‍.