തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കം വിവാദത്തിൽ. നഗരസഭയുടെ കൈവശമുള്ള ഈ തുക അടിയന്തരമായി പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുക കൈമാറുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥതലത്തിൽ ആരംഭിച്ചതോടെയാണ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നത്.
advertisement
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി നവംബർ 18-ന് നഗരസഭാ സെക്രട്ടറിക്ക് അയച്ച കത്തിൽ, ഈ തുക കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും ട്രഷറിയിൽ നിക്ഷേപിക്കണമെന്നും നവംബർ 24-നുള്ളിൽ ഇതിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഇത്തരമൊരു നീക്കം നടത്തുന്നത് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണെന്ന് ബിജെപി ആരോപിക്കുന്നു. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിഎ ഭരണസമിതി അധികാരമേൽക്കാൻ ഒരുങ്ങുന്ന വേളയിൽ, പുതിയ സമിതിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും പാർട്ടി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. നഗരസഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും നഗരസഭയുടെ അധികാരം ഏറ്റെടുക്കുന്ന ബിജെപി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ തകർക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനും വ്യക്തമാക്കി.
