പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കിയിരിക്കുകയാണും എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്ത് കൊണ്ട് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.
'പാലക്കാട് ജില്ല മുഴുവനും പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സ്ഥലം നേരത്തെ വര്‍ഗീയ സംഘര്‍ഷം ഉണ്ടായ സ്ഥലമാണ്. അവിടെ ഒരു പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്താനോ ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്താനോ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കേസിലും പ്രതിയല്ലാത്ത, നിരപരാധിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്'' സുരേന്ദ്രന്‍ പറഞ്ഞു.
advertisement
അതേസമയം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുന്‍ ആര്‍എസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ ജില്ലിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
