ആലപ്പുഴ ആവര്‍ത്തിക്കുകയാണ് പാലക്കാട്ടും. 24 മണിക്കൂറിനിടെ നടന്നത് രണ്ട് കൊലപാതകങ്ങളാണ്. വെള്ളിയാഴ്ച എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് 24 മണിക്കൂര്‍ തികയുംമുൻപേയാണ് ആര്‍എസ്എസ് പ്രാദേശിക നേതാവിനെയും പാലക്കാട്ട് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയിലെ കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ കൊലപാതകം നടന്നത്.
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. പിന്നാലെ മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.
2021 നവംബറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ആരോപിച്ചിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാര്‍ സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തി. ശനിയാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച രണ്ടാമത്തെ കാര്‍ മറ്റൊരിടത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച മറ്റൊരു കൊലപാതകവും ഉണ്ടായത്.
Also Read-
Palakkad Murder | സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകള്‍; രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊന്നത്. മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം ശ്രീനിവാസനെ ധനകാര്യസ്ഥാപനത്തിൽ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍എസ്എസിന്റെ മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.
വാഹനാപകടത്തിൽ തുടങ്ങിയ സംഘർഷംരണ്ടുവര്ഷം മുമ്പുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് മേഖലയില്‍ ആര്‍എസ്എസ്-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം ഉടലെടുക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ ബൈക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സഞ്ജിത്തിന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന് വെട്ടേറ്റത്.
സക്കീര്‍ ഹുസൈനെ ആക്രമിച്ചതിന് പ്രതികാരമായാണ് 2021 നവംബര്‍ 15 ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ മമ്പറത്തുവെച്ച് വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കൺമുന്നിലിട്ടാണ് അക്രമിസംഘം സഞ്ജിത്തിനെ വെട്ടിയത്.
Also Read-Palakkad Murder| ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകംസഞ്ജിത്ത് കൊലക്കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകിയത് ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുമാറ്റിയതും പൊലീസിനെ ഞെട്ടിച്ചു. ഒടുവില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജിത്ത് വധക്കേസിലെ പല പ്രതികളെയും പൊലീസിന് പിടികൂടാനായത്. ഇവരെല്ലാം എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.
സഞ്ജിത്ത് കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷമാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്നത്. സഞ്ജിത്ത് വധത്തിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സുബൈറിനെ ആക്രമിക്കാനെത്തിയവര്‍ സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുമ്പേ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു എന്നും പിന്നീട് കാറിനെ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നുമാണ് സഞ്ജിത്തിന്റെ ബന്ധുക്കളുടെ പ്രതികരണം.
മാസങ്ങൾക്ക് മുൻപ് ആലപ്പുഴയില്മാസങ്ങള്ക്ക് മുമ്പ് ആലപ്പുഴയിലും ആര്‍എസ്എസ്-എസ്.ഡി.പി.ഐ. സംഘർഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് ആലപ്പുഴയില്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കിടെയായിരുന്നു ഈ രണ്ട് കൊലപാതകങ്ങളും.
ഡിസംബര്‍ 18-ന് രാത്രിയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ കെ എസ് ഷാനിനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ രണ്ടാമത്തെ കൊലപാതകവും ജില്ലയില്‍ അരങ്ങേറി. ആലപ്പുഴ നഗരത്തിനോട് ചേര്‍ന്ന വെള്ളക്കിണറിലെ വീട്ടില്‍വെച്ച് രഞ്ജിത് ശ്രീനിവാസിനെ ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ഈ രണ്ട് വധക്കേസുകളിലുമായി ആര്‍എസ്എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.