സുരേന്ദ്രൻ,ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. അറസ്റ്റിലായ മറ്റുള്ളവരും ഏച്ചിലടുക്കം ഭാഗത്തു നിന്നുള്ളവരാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫിസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.
പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയത് റജി വർഗ്ഗീസാണ്. സുരേന്ദ്രൻ കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങൾ സംബന്ധിച്ച് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവിനും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെന്ന് കണ്ടെത്തൽ.
advertisement
കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേർ അടക്കം ആകെ 19പേർ പ്രതികളായി. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ് ഇതിനിടയിൽ, ഉദുമ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ ഇന്നു വീണ്ടും ചോദ്യംചെയ്തു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്.
Also Read-പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്നും ഒഴിവായി
ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് പ്രതികള്‍ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read-പെരിയ ഇരട്ടക്കൊലക്കേസ്: സംഭവിച്ചത് എന്തെന്നറിയാൻ സിബിഐയുടെ നാടകീയ തുടക്കം സഹായിക്കുമോ ?
പെരിയ കേസ് സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം മാത്രം കേട്ട് സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങൾക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിരുന്നത്.