ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട കത്തും, പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവും വിളിച്ചു വരുത്തിയ വിവാദം കെട്ടടങ്ങും മുമ്പാണ് നക്ഷത്ര ഹോട്ടലിലെ താമസം ചിന്ത ജെറോമിന് വിനയായിരിക്കുന്നത്. സീസൺ സമയത്ത് 8500 രൂപയും, സാധാരണ ദിവസങ്ങളിൽ 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ 6490 രൂപ പ്രതിദിനം വാടക വരുന്ന അപ്പാർട്ട്മെന്റിലാണ് ചിന്തയും അമ്മയും ഇപ്പോൾ താമസിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. നക്ഷത്ര ഹോട്ടലിലെ താമസം ഒരു വർഷം പിന്നിട്ടുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
advertisement
ഒന്നേമുക്കാൽ വർഷമായി കഴിയുമ്പോൾ 38 ലക്ഷം രൂപയാണ് റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഇത്ര വലിയ തുക വാടക നൽകാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.
അതേസമയം, അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് 2021-2022 കാലയളവിൽ സ്റ്റാർ ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്തയുടെ വിശദീകരണം. എന്നാൽ, വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നതു പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയത്. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും ചിന്ത ജെറോം മനോരമയോട് പറഞ്ഞു.