തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ഡോ.ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടി. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.
ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഒരുഭാഗം ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തില്‍ രജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും വൈസ് ചാന്‍സലര്‍ അന്തിമ തീരുമാനമെടുക്കുക. പിഴവു കണ്ടെത്തിയ ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലില്ല. നല്കിയ ബിരുദം തിരിച്ചെടുക്കാനും ചട്ടം അനുവദിക്കുന്നില്ല.
ഡോ. പി.പി.അജയകുമാറിന്റെ ഗൈഡ്ഷിപ്പ് റദ്ദാക്കുക, അദ്ദേഹത്തെ അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചര്‍ച്ചയായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.