സംസ്ഥാന നേതൃത്വം ഇടപെട്ട് സംഘടനാ നടപടി അടക്കം സ്വീകരിച്ചിട്ടും ജി സുധാകരനെ ലക്ഷ്യം വെച്ചുള്ള വിഭാഗീയത അടങ്ങാത്തതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴും ചർച്ചകളിലേറെയും പ്രതിസ്ഥാനത്ത് സുധാകരനായിരുന്നു. കേൾക്കുന്നതിനിടയിൽ ശരീരഭാഷയിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ച പിണറായി പിന്നീട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് എസ് രാമചന്ദ്രൻ പിള്ളയുടെ അടുത്തേക്കെത്തി. അപ്പോഴും ചാരംമൂട് ഏരിയ സെക്രട്ടറി ബിനു സുധാകരനുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നീടായിരുന്നു പിണറായിയുടെ അപ്രതീക്ഷിത ഇടപെടൽ.
advertisement
ബിനുവിനെ മാറ്റി നിർത്തിയ ശേഷം മൈക്ക് വാങ്ങി ഒരു ഘട്ടത്തിൽ അവസാനിപ്പിച്ചതെല്ലാം വേറൊരു രൂപത്തിൽ വീണ്ടും തുടങ്ങുകയാണോ എന്ന് ചോദിച്ചു. ചർച്ചയുടെ സ്വഭാവവും ലക്ഷ്യവും എന്താണെന്ന് മനസിലാകുന്നുണ്ടെന്നും സംസാരിക്കേണ്ടത് മാത്രം സംസാരിച്ചാൽ മതിയെന്നുമായിരുന്നു പ്രതിനിധികളോടുള്ള താക്കീത്. ആലപ്പുഴയിലെ പാർട്ടിക്ക് ഇത് നല്ലതല്ലെന്നും വ്യക്തമാക്കി. സീറ്റിലേക്ക് മടങ്ങിയെത്തിയ ശേഷം തൊട്ടടുത്തിരുന്ന സജി ചെറിയാനോട് സജിയോടും കൂടിയാണ് ഇത് പറയുന്നതെന്നും പറഞ്ഞു.
ഏരിയ സമ്മേളന കാലയളവിൽ വിഭാഗിയത ഉണ്ടായതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കിയ കമ്മറ്റികളിൽ സജി ചെറിയാൻ വിഭാഗമാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് നേരത്തേ തന്നെ വിമർശനം ഉണ്ടായിരുന്നു. സജിക്ക് സ്വാധീനമുള്ള അമ്പലപ്പുഴ, തകഴി, ചാരംമൂട്, മാവേലിക്കര, മാരാരിക്കുളം ഏരിയകളിൽ നിന്ന് സംസാരിച്ചവരാണ് സുധാകരനെതിരെ ഏറെയും വിമർശനം ഉന്നയിച്ചത് എന്നതും ശ്രദ്ധേയം.
വിഭാഗിയതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ആർ നാസർ, എ വിജയരാഘവൻ എന്നിവരുടെ പേരും അനാവശ്യമായി വലിച്ചിഴച്ചതും നേതൃത്വത്തെ പ്രകോപിപ്പിച്ചതായി വേണം കരുതാൻ. പിണറായി തന്നെ നേരിട്ട് നിയന്ത്രിച്ചിട്ടും പ്രശ്നങ്ങൾ തുടരുന്നതിനാൽ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.