കെ സി വേണുഗോപാൽ കഴിഞ്ഞമാസം ആലപ്പുഴയിൽ തൊഴിലുറപ്പ് സ്ത്രീകളുടെ കൂടെയിരുന്നും അടുത്തിടെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അടുക്കളയിൽ കയറിയും കപ്പയും മുളകും കഴിക്കുന്നതും ഫുഡ് ഡെലിവറി ബോയിക്കൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര നടത്തുന്നതുമായ വീഡിയോകൾ വൈറലാണ്.
സിപിഎം അണികളും നേതാക്കളും ഇതിനെ പി ആര്‍ വർക്ക് എന്ന് ആക്ഷേപിക്കുമ്പോൾ യുഡിഎഫ് പ്രകടനപത്രികയുടെ രൂപീകരണത്തിന് മുന്നോടിയായി കെ സി വേണുഗോപാൽ നടത്തുന്ന കൂടിക്കാഴ്ചകളാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. പാലക്കാട്ടെ നെൽ കർഷകർ മുതൽ ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികൾ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. മത്സ്യത്തൊഴിലാളി വീടുകളിൽ സന്ദർശനം നടത്തി കുടുംബ ബജറ്റിലെ ആശങ്കകൾ അദ്ദേഹം നേരിട്ട് കേൾക്കുകയായിരുന്നുവെന്നും കെ സി പക്ഷ നേതാക്കൾ പറയുന്നു.
advertisement
എറണാകുളത്തെ സ്റ്റാർട്ടപ്പ് സംരംഭകരുമായും ഗിഗ് തൊഴിലാളികളുമായും അദ്ദേഹം നടത്തിയ ചർച്ചകൾ വരാനിരിക്കുന്ന 'യുവകേരളം' പദ്ധതിയുടെ ഭാഗമാണെന്നാണ് വിവരം. പി എസ് സി റാങ്ക് ഹോൾഡർമാരുമായുള്ള കെ സിയുടെ കൂടിക്കാഴ്ചയും ഉടനുണ്ടാകും. വിവിധ മത-സാമുദായിക വിഭാഗങ്ങളുമായി കൃത്യമായ ഇടവേളകളിൽ കെ സി വേണുഗോപാൽ നടത്തുന്ന കൂടിക്കാഴ്ചകൾ അദ്ദേഹത്തിന്റെ സോഷ്യൽ എഞ്ചിനീയറിംഗ് മികവ് തെളിയിക്കുന്നതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
എം എം ബേബി ഭക്ഷണം കഴിച്ച പാത്രം കഴുകിയതിനെയും കോഴിക്കോട് ബാലുശ്ശേരിയിലെ മൊയ്തീന്റെ പെൻഷൻ നാടകത്തെയും ന്യായീകരിച്ച സിപിഎം നേതാക്കൾ, കെ സിയുടെ വീഡിയോകൾ 'പി ആർ വർക്ക്' എന്ന് പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് കെ സി പക്ഷം പറയുന്നത്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ സിക്ക് ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത്തരത്തിൽ രാജസ്ഥാനിലും കർണാടകയിലും ഹൈക്കമാൻഡിന് താല്പര്യമുള്ള നേതാക്കളെ മുഖ്യമന്ത്രിമാരായി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കെ സിയെ, കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിനിർത്തുക എളുപ്പമാകില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്..
