ആ സ്ഥലത്താണ് ഇപ്പോൾ പ്രളയ ദുരിതാശ്വാസം വിതരണം ചെയ്ത് പുലിവാല് പിടിച്ചത്. ചെറിയ തുകയൊന്നുമല്ല, പത്തരലക്ഷം രൂപയാണ് അപേക്ഷ പോലും നല്കാത്ത സി പി എം പ്രാദേശിക നേതാവിന് ഇഷ്ടദാനമായി കിട്ടിയത്. സംഭവം വിവാദമായതോടെ ഇപ്പോൾ സസ്പെൻഷൻ നടപടികളൊക്കെയായി മുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് പാർട്ടി.
സസ്പെൻഷനുകളും അന്വേഷണവും
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എം എം അന്‍വറിനെയാണ് അന്വേഷണ വിധേയമായി സിപിഎം സസ്പെന്റ് ചെയ്തത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് സി.പി.എം നേതാവിന് പത്തരലക്ഷം രൂപ കൈമാറിയതിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി.
advertisement
എം എം അന്‍വര്‍ ജാഗ്രതക്കുറവ് കാണിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. തന്റെ അക്കൗണ്ടിലേയ്ക്ക് തുക വന്നപ്പോഴും പിന്‍വലിക്കുമ്പോഴും നിയമപരമാണോയെന്ന് അന്‍വര്‍ പരിശോധിച്ചില്ലെന്നു പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കളക്ട്രേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദിനൊപ്പം ഇടനിലക്കാരനായ കാക്കനാട് സ്വദേശി മഹേഷിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കലക്ടറേറ്റിലെ പ്രാഥമിക ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പണം കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിന് കൈമാറിക്കഴിഞ്ഞു.
കളിയറിയാവുന്നവരുടെ തട്ടിപ്പ്
സഹകരണ ബാങ്കുകളില്‍മാത്രം അക്കൗണ്ടുള്ളവര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് കൈമാറാനാകില്ല. ബാങ്കിന് പണം കൈമാറിയശേഷം ഗുണഭോക്താവിന് നല്‍കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തെക്കുറിച്ചെല്ലാം ധാരണയുള്ളവരാണ് ഫണ്ട് കൈമാറ്റം നടത്തിയതെന്ന് കലക്ടറേറ്റിലെ ആഭ്യന്തര പരിശോധനയില്‍ വ്യക്തമായിരുന്നു.
പ്രളയത്തിൽ ദുരിതമനുഭവിച്ചവരിൽ സഹകരണ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളവർക്ക് ട്രഷറിയിൽ നിന്നും അതാത് സഹകരണ ബാങ്കുകൾക്ക് അക്കൗണ്ട് ഉള്ള ദേശസാത്കൃത ബാങ്കിലേക്ക് അയക്കുകയാണ് പതിവ്. ഇത് അപേക്ഷകനെ അറിയിക്കുന്നതനുസരിച്ച് രേഖകൾ സഹിതം തെളിവു നലകി വാങ്ങണം.
ഇവിടെയാണ് അപേക്ഷ പോലും നല്കാത്ത അൻവറിനായി അയ്യനാട് സഹകരണ ബാങ്കിലേക്ക് തുക കൈമാറിയത്. യാതൊരു രേഖയും ആവശ്യപ്പെടാതെ ബാങ്ക് ഈ തുക അൻവറിന് നല്കുകയും ചെയ്തു. അൻവറിന്റെ ഭാര്യ അയ്യനാട് ബാങ്കിന്റെ ഡയറക്ടർ ബോർഡംഗം കൂടിയാണ്.
2018 ലെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹമായി കൈമാറിയ തുക തിരിച്ചുപിടിച്ചത് ട്രഷറിയിലുണ്ട്. ഇതില്‍നിന്നാണ് അഞ്ചുതവണയായി പത്തരലക്ഷം രൂപ വാഴക്കാലയിലെ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെത്തിയത്. കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്.